ഇരിട്ടി: അറബിയില്‍ നിന്ന് ചൊവ്വാഴ്ച കാണാതായ വിദ്യാർഥിനിയെ ബാരാപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
നടുവിലെ പുരയ്ക്കല്‍ രതീഷ്-സിന്ധു ദന്പതികളുടെ മകള്‍ ദുർഗ(15) യെയാണ് കൂട്ടുപുഴ പുതിയ പാലത്തിനു സമീപം ബാരപുഴയില്‍ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉളിക്കല്‍ ഗവ. ഹയർസെക്കൻഡറി സ്കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചമുതല്‍ ദുർഗയെ കാണാനില്ലായിരുന്നു.അച്ഛൻ രതീഷിന്‍റെ പരാതിയില്‍ ഉളിക്കല്‍ പോലീസും നാട്ടുകാരും അന്വേഷണം നടത്തി വരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വാഹനം നിർത്തി പുഴയിലേക്ക് ഇറങ്ങിയ യുവാക്കളാണ് കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
ഇരിട്ടി, ഉളിക്കല്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് ദുർഗയാണെന്ന് തിരിച്ചറിഞ്ഞത്.