IndiaNEWS

ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരേപ്പോലെ; വിവാദമായി പിത്രോദയുടെ പരാമര്‍ശം, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: പിന്തുടര്‍ച്ചാ സ്വത്ത് വിവാദത്തിനു പിന്നാലെ വിവാദ പരാമര്‍ശവുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ. ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവര്‍ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവര്‍ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം. മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ‘ദി സ്റ്റേറ്റ്‌സ്മാന്’ നല്‍കിയ അഭിമുഖത്തിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പിത്രോദ നടത്തിയത്.

ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയിലും ജനങ്ങള്‍ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയില്‍ നടത്തിയ നിരീക്ഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇടക്കുണ്ടാകുന്ന കലാപങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ 75 വര്‍ഷമായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമാധാനപരമായി ഒത്തൊരുമയോടെ ജീവിക്കാന്‍ കഴിയുന്നുണ്ടെന്നും വൈവിധ്യങ്ങള്‍ക്കിടയിലും നമ്മള്‍ ലോകത്തിലെ തന്നെ ജനാധിപത്യ രാജ്യങ്ങളുടെ ഉത്തമ ഉദാഹരണമാണെന്നുമായിരുന്നു പിത്രോദയുടെ പ്രസ്താവന.

പിത്രോദയുടെ പരാമര്‍ശം വംശീയമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വടക്കു-കിഴക്കന്‍ പ്രദേശവാസികളെ പ്രസ്താവനയിലൂടെ അപമാനിച്ചുവെന്ന് അരുണാചല്‍ പ്രദേശ് എം.പിയും കേന്ദ്ര മന്ത്രിയുമായ കിരണ്‍ റിജിജു പ്രതികരിച്ചു. ബി.ജെ.പി ഭരിക്കുന്ന അസ്സം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സാം പിത്രോദ മാപ്പു പറയണമെന്നാവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.

സമ്പത്തിന്റെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമര്‍ശങ്ങള്‍ ബി.ജെ.പി പ്രചാരണായുധമാക്കിയിരുന്നു. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സിനേക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സമ്പത്ത് പുനര്‍വിതരണം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി മോദി നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പിത്രോദയുടെ വിശദീകരണം. അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സ് നയത്തേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വിശദീകരിക്കാനായിരുന്നു പിത്രോദയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: