KeralaNEWS

നമുക്ക് വിഷം മതി; വാങ്ങാൻ ആളില്ലാതെ ജൈവ പച്ചക്കറി നശിക്കുന്നു 

തിരൂർ: ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ് കൊയ്ത വാളമരുതൂരിലെ ഒരുപറ്റം സ്ത്രീകളുടെ പച്ചക്കറികൾ വാങ്ങാൻ ആളില്ലാതെ നശിക്കുന്നു.

മംഗലം പഞ്ചായത്തിലെ വാളമരുതൂരിലെ മൂന്ന് ഏക്കറോളം സ്‌ഥലത്താണ് അമ്ബാടി കൃഷിക്കൂട്ടമെന്ന പേരില്‍ സീമ, രജനി, പുഷ്പ, സരിത, അനിത, ഉഷ, അനില, കാർത്തിക എന്നിവർ ചേർന്ന് കൃഷി ചെയ്തത്. ജൈവരീതിയില്‍ പാടത്തിറക്കിയ പച്ചക്കറി കൃഷിക്ക് നല്ല വിളവും ലഭിച്ചു. എന്നാല്‍ വാങ്ങാനാളില്ലാതായതോടെ ഇവർ പ്രയാസത്തിലായിരിക്കുകയാണ്. വിളവെടുത്ത വെള്ളരിയും വെണ്ടയുമെല്ലാം ചീഞ്ഞു പോകുന്നതിനു മുമ്ബ് വില്‍പ്പന നടത്തിയില്ലെങ്കില്‍ ഇവരുടെ അധ്വാനവും പാഴാകും.

രണ്ടര മാസം മുമ്ബാണ് കർഷകൻ മംഗലം പടുന്നപ്പാട്ട് മനോജിന്റെ സഹായത്തോടെ ഇവർ കൃഷി തുടങ്ങിയത്. വിഷുവിന് മുമ്ബ് തന്നെ വിളവെടുത്തു തുടങ്ങി. വെള്ളരിയും വെണ്ടയുമെല്ലാം ആ സമയത്ത് നന്നായി വിറ്റുപോയിരുന്നു. അതിനു ശേഷം ലഭിച്ച വിളവിനാണ് വാങ്ങാൻ ആളില്ലാത്ത സ്ഥിതിയുള്ളത്. 1000 കിലോയോളം വെള്ളരിയാണ് പാടത്ത് ബാക്കിയായി കിടക്കുന്നത്. വാങ്ങാൻ ആളില്ലാത്തതിനാല്‍ ചെടികളില്‍ കിലോ കണക്കിനു വെണ്ട മൂത്തു തുടങ്ങി. കൃഷി വകുപ്പോ സർക്കാർ സംവിധാനങ്ങളോ ഇവരില്‍നിന്ന് പച്ചക്കറി ശേഖരിക്കുന്നില്ല. ഇതുവരെ 15 കിലോ ഗ്രാം വെള്ളരി മാത്രമാണ് കൃഷി വകുപ്പ് സ്വീകരിച്ചത്.

Signature-ad

കടകളില്‍ പച്ചക്കറിക്ക് നല്ല വിലയുണ്ടെങ്കിലും കടക്കാരും ഇവരില്‍നിന്ന് വാങ്ങാൻ തയാറാകുന്നില്ല. വ്യാപാരികള്‍ക്ക് സംസ്ഥാനത്തിന് പുറത്തു നിന്നെത്തിക്കുന്ന പച്ചക്കറികളോടാണ് താല്‍പര്യം. അധികൃതർ ഇടപെട്ടില്ലെങ്കില്‍ വെള്ളരിയും വെണ്ടയുമെല്ലാം പാടത്തും പറമ്ബിലും കിടന്ന് ചീഞ്ഞുപോകുന്ന സ്ഥിതിയാണ്.

Back to top button
error: