KeralaNEWS

മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പില്‍ ബലിയാടായത് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ആലപ്പുഴ: മാന്നാറില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ശ്രീദേവിയമ്മ ആത്മഹത്യ ചെയ്യാന്‍ കാരണമായ സാമ്ബത്തികത്തട്ടിപ്പു കേസിലെ പ്രതികളായ സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍ എന്നിവര്‍ മഹിളാ കോണ്‍ഗ്രസിന്റെ സജീവനേതാക്കള്‍.

സാമ്ബത്തിക തട്ടിപ്പുകേസില്‍ വീയപുരം പോലീസ് അറസ്റ്റുചെയ്ത ഇരുപ്രതികളെയും മാവേലിക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. മാന്നാര്‍ കുട്ടമ്ബേരൂര്‍ പല്ലവനക്കാട്ടില്‍ സാറാമ്മ ലാലു (മോളി-58) നേരത്തെ മഹിളാകോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായിരുന്നു. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ കോണ്‍ഗ്രസ് മെമ്ബറാണ് മാന്നാര്‍ കുരട്ടിക്കാട് നേരൂര്‍ വീട്ടില്‍ ഉഷാ ഗോപാലകൃഷ്ണന്‍ (50). സാമ്ബത്തികത്തട്ടിപ്പിനിരയായി ഏപ്രില്‍ 28ന് ജീവനൊടുക്കിയ മാന്നാര്‍ കുരട്ടിക്കാട് ഓങ്കാറില്‍ ശ്രീദേവിയമ്മയടക്കം പലരില്‍ നിന്നായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുനടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസരപ്രദേശങ്ങളിലും തട്ടിപ്പുനടത്തിയത്. വിഷ്ണുവിന്റെ ബാങ്ക് മാനേജര്‍ ചമഞ്ഞുള്ള വാചകമടിയിലാണ് മിക്കവരും തട്ടിപ്പില്‍ വീണതെന്ന് പറയപ്പെടുന്നു. ശ്രീദേവിയമ്മ മരിക്കുന്നതിനു മുന്‍പു തന്നെ ഇതുമായി ബന്ധപ്പെട്ട് മാന്നാര്‍ പോലീസിലും കോടതിയിലും പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലായിരുന്നു. ഈ വിവരം കാണിച്ച്‌ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണിന് ശ്രീദേവിയമ്മ പരാതി നല്‍കിയതോടെയാണ് അന്വേഷണച്ചുമതല വീയപുരം പോലീസ് ഇന്‍സ്പെക്ടര്‍ക്കു കൈമാറിയത്.

ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടില്‍ നിന്നാണ് അറസ്റ്റുചെയ്തത്.കേന്ദ്രസര്‍ക്കാരിന്റെ സ്വയംതൊഴില്‍ പദ്ധതിയില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ തട്ടിയെടുത്തത് മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വര്‍ണാഭരണങ്ങളുമാണ്.

ആത്മഹത്യചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ശ്രീദേവിയമ്മയുടെ 65 ലക്ഷം രൂപയും 40 പവനും അര്‍ധസൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതില്‍ എ.സി. ശിവന്‍പിള്ളയുടെ 36 ലക്ഷം രൂപയും 16 പവനുമാണ് ഇവര്‍ തട്ടിയത്. കുടുതല്‍ പേര്‍ ഇവർക്കെതിരെ പരാതിയുമായി വരുന്നുണ്ട്.സംഭവത്തിൽ വിശദമായ അന്വേഷണം തന്നെയാണ് പോലീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: