FoodKeralaNEWS

കുടംപുളിയിട്ട പത്തനംതിട്ടയുടെ സ്വന്തം മത്തിക്കറി

കുടംപുളിയിട്ട  മീൻകറിയുടെ പ്രത്യേകത എന്തെന്നാൽ ഒരാഴ്ച ഇരുന്നാലും കേടാകത്തില്ല എന്നതാണ്.അതായത് ഫ്രിഡ്ജ് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്.അല്ലെങ്കിൽ തന്നെ ഈ‌ ഫ്രിഡ്ജൊക്കെ എന്നാ ഉണ്ടായേ അല്ലേ !

തീർന്നില്ല,കുടംപുളി ഹൃദയത്തിനു ബലം കൊടുക്കുന്നതും രക്തദോഷങ്ങളെ ഇല്ലാത‍ാക്കുന്നതുമാണ്.ഇതിലെ ഹൈഡ്രോക്സി സിട്രിക് ആസിഡിന് ശരീരത്തിൽ ശേഖര‍ിച്ചിരിക്കുന്ന കൊഴുപ്പിനെ അലിയിക്കുവാനുള്ള കഴിവുമുണ്ട്.ഇപ്പോൾ മനസ്സിലായില്ലേ കാരണവൻമാർ അറ്റാക്ക് വന്ന് ചാകാതിരുന്നത് എന്തുകൊണ്ടാണെന്ന്!

അപ്പോൾ പ്രമേഹമോ…? പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തിൽ പഞ്ചസാരയുടെ അളു കുറയ്ക്കും.അതുകൊണ്ട് നമ്മുടെ പൂർവ്വികർക്ക് ‘ഷുഗറും’ ഇല്ലായിരുന്നു.
കുടംപുളിക്കൊപ്പം  കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും ഇല്ലാതാകും. ഇതു കൊളസ്ട്രോളും കുറയ്ക്കും.അങ്ങനെ നമ്മുടെ പിതാമഹൻമാർക്ക് കൊളസ്ട്രോളുമില്ലായിരുന്നു.
കുടംപുളിയിട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് മോണകൾക്കും പല്ലുകൾക്കും ബലംനൽകും.അതുകൊണ്ടാണ് അവരൊരിക്കലും ദന്തഡോക്ടറെ കാണാതിരുന്നതും.

 കുടംപുളിയിട്ട മത്തിക്കറി ഉണ്ടാക്കുന്ന വിധംചേരുവകൾ

  • മത്തി- അരക്കിലോ
  • കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
  • മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • കുടം പുളി – ഒരു മൂന്ന് കഷ്ണം
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി – 6 പീസ്
  • ചെറിയ ഉള്ളി – 10 എണ്ണം
  • തക്കാളി – 1   എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • ഉലുവ – അര ടേബിൾ സ്പൂൺ
  • കടുക്-1ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
Signature-ad

തയാറാക്കുന്ന വിധം

  • ആദ്യം രണ്ട് കപ്പ് ചൂടു വെള്ളത്തിൽ കുടംപുളിയിട്ടു വയ്ക്കുക.
  • ശേഷം മൺചട്ടിയിൽ 3 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിൽ കടുകും ഉലുവയും ഇടുക.
  • ഇതു പൊട്ടി കഴിഞ്ഞാൽ ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ടു ഇളക്കുക.
  • ഇതു ബ്രൗൺ നിറത്തിലായാൽ മഞ്ഞൾപ്പൊടിയും മുളകുപൊടിയും കാശ്മീരി മുളകുപൊടിയും ചേർത്തു യോജിപ്പിക്കുക.
  • ഇതു ചെറു തീയിൽ വയ്ക്കുക
  • ഇതിലേയ്ക്കു പുളി ഇട്ടു വച്ച വെള്ളവും പുളിയും കൂടി ചേർക്കുക.
  • നന്നായി ഇളക്കിയതിനു ശേഷം തിളയ്ക്കാൻ അനുവദിക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മീൻ കഷ്ണവും ഇടുക. തീ കുറച്ചു വേകാൻ വയ്ക്കുക (10-15 മിനിറ്റ് ) വെന്തതിനു ശേഷം കറിവേപ്പില ഇടുക. പഴയകാലത്തെ നാടൻ മീൻ കറി റെഡി.
 

എന്തുകൊണ്ട് മത്തി ?

ഏറെ സുരക്ഷിതമായ ഒരു മീനാണ് മത്തി.വിലയും കുറവാണ്.എന്നാല്‍, പോഷകനിലവാരത്തില്‍ ഏറെ മുന്നിലാണ് താനും.ചെറിയ  മത്സ്യമായതിനാല്‍ മത്തിയില്‍ മലിനീകരണത്തിനു സാധ്യത തീരെ കുറവുമാണ്.

ഒമേഗ-3 കൊഴുപ്പും കാത്സ്യവും മത്തിയില്‍ നിന്നു ധാരാളമായി ലഭിക്കും.ഇതെല്ലാം മത്തിയെ സാധാരണക്കാരന്റെ പ്രിയ മത്സ്യമാക്കുന്നു.

കാല്‍സ്യം ധാരാളമായി മത്തിയില്‍ അടഞ്ഞിരിക്കുന്നു.അതുകൊണ്ട് തന്നെ 90 ശതമാനം എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനും മത്തി ഒരു പ്രതിരോധ മാർഗമാണ്.വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി തുടങ്ങിയ നിരവധി വിറ്റാമിനുകളും മത്തിയില്‍ അടങ്ങിയിട്ടുണ്ട്.

അതേപോലെ പ്രോട്ടീൻ നിറയെ ഉള്ള ഒരു മത്സ്യമാണ് മത്തി.മത്തിയില്‍ 23 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മത്തി സ്ഥിരമായി കഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവും വരികയില്ല എന്ന് തന്നെ പറയാം.

മസ്തിഷ്ക-ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമായ മത്തിയിൽ വൈറ്റമിൻ A, B, D എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.മത്തി കഴിച്ചാല്‍ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. മത്തിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

Back to top button
error: