KeralaNEWS

കണ്ടുതന്നെ അറിയണം കുട്ടനാടിന്റെ സൗന്ദര്യം; ആർക്കും തോൽപ്പിക്കാനാവാത്ത ആ ജനതയുടെ ജീവിതവും !

കാഴ്ചകളുടെ അതിശയമാണ് കുട്ടനാട്.പറഞ്ഞുഫലിപ്പിക്കാനോ എഴുതി മുഴുമിക്കാനോ കഴിയില്ല, കണ്ടുതന്നെ അറിയണം ആ സൗന്ദര്യം. പാടവും തോടും നടവരമ്പും മാത്രമല്ല, ചെളിയിൽ തെന്നിവീഴാത്ത, പ്രളയത്തിൽ തകർന്നുപോകാത്ത കരുത്തുള്ള ജീവിതവുമുണ്ട് അവിടെ. രണ്ട് പ്രളയങ്ങളെ അതിജീവിച്ചപ്പോഴും കുട്ടനാടിന്റെ ഭംഗി കൂടിയതേയുള്ളൂ; ആ ജനതയുടെ ആത്മധൈര്യവും!
കുട്ടനാടിനെക്കുറിച്ച് ഓർക്കുമ്പോൾ ഹൗസ്ബോട്ടിലോ സാധാരണ വള്ളത്തിലോ കയറി കായൽക്കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ് മനസ്സിൽ എത്തുക. ഹൗസ്ബോട്ടിന്റെ വാടകയും ഒരു മുഴുവൻ ദിവസത്തെ സമയവും ഒക്കെ കണക്കാക്കുമ്പോൾ ചിലരൊക്കെ യാത്ര മാറ്റിവയ്ക്കാറുമുണ്ട്.എന്നാൽ ബോട്ടിൽ കയറാതെ, വലിയ കാശുമുടക്കില്ലാതെ കുട്ടനാടിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ച് യാത്രചെയ്യാവുന്ന വഴികളുണ്ട്. 2019 അവസാനം കഞ്ഞിപ്പാടത്ത് പൂക്കൈതയാറിനുകുറുകേ പുതിയ പാലം തുറന്നതോടെ കുട്ടനാട്ടിലേക്ക് വാഹനമോടിച്ചുപോകാനാവുന്ന പുതിയൊരു പാതകൂടിയാണ് തുറന്നുകിട്ടിയിരിക്കുന്നത്.
ആലപ്പുഴയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ദേശീയപാതയിലൂടെ യാത്രചെയ്യുമ്പോൾ വണ്ടാനം എന്ന സ്ഥലം തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല.ആലപ്പുഴയിലെ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് അവിടെയാണ്. മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് ഒരുകിലോമീറ്റർ മുൻപോട്ട് പോകുമ്പോൾ എസ്.എൻ. കവലയായി.പേരിൽ കവലയുണ്ടെങ്കിലും വലിയ കവലയൊന്നുമല്ല ഇത്.ഇവിടെ നിന്നും ഇടത്തോട്ട് തിരിയുന്ന ഒരു ടാറിട്ട റോഡുണ്ട്, അതാണ് കഞ്ഞിപ്പാടം റോഡ്.

കുട്ടനാടിന്റെ ഹൃദയത്തിലേക്ക് കടക്കുമ്പോൾ കഞ്ഞിപ്പാടം എന്ന സ്ഥലത്താണ് ആദ്യം എത്തുക. പച്ചവിരിച്ച വിശാലമായ നെൽപ്പാടങ്ങൾക്കിടയിലൂടെ തിരക്കില്ലാതെ ഒഴുകുന്ന പൂക്കൈതയാറ്.വലിയ കെട്ടുവള്ളങ്ങളിൽ സഞ്ചാരികൾ, അവയിൽ വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ. ആറിനെ കൂസാതെ തലയെടുപ്പോടെ നില്ക്കുന്ന പുത്തൻ പാലം.ഇതുവഴി മുന്നോട്ടുനീങ്ങുമ്പോൾ പതുക്കെ പതുക്കെ കുട്ടനാടിന്റെ മുഖച്ഛായ തെളിഞ്ഞുതുടങ്ങും.റോഡിന് സമാന്തരമായി തോട്, ആമ്പൽപൂക്കൾ, പച്ചവിരിച്ച നെൽപ്പാടങ്ങൾ, കൃഷിപ്പണിക്കാർ, നടവരമ്പുകൾ, താറാവ്  കൂട്ടങ്ങൾ,മീൻ പിടുത്തക്കാർ അങ്ങനെ… അങ്ങനെ….

 

കുട്ടനാടിനെ പറ്റി പറഞ്ഞു തുടങ്ങുമ്പോൾ കഞ്ഞിപ്പാടമെന്ന പേരിൽനിന്നുതന്നെ തുടങ്ങണം. ചെമ്പകശ്ശേരി രാജാവിന് കഞ്ഞിവയ്ക്കാനുള്ള മികച്ച അരി വിളയിച്ച പാടങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ അമ്പലപ്പുഴയും ചുറ്റുമുള്ള പ്രദേശങ്ങളും ചെമ്പകശ്ശേരി രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു. രാജാവും രാജഭരണവുമൊക്കെ പോയിട്ടും കഞ്ഞിപ്പാടത്തെ അരിയുടെ സ്വാദ് കുറഞ്ഞിട്ടില്ല. വേഗത്തിൽ വേവുന്ന, കറുത്ത മണ്ണിൽ വിളയുന്ന, നല്ല സ്വാദുള്ള നെല്ല് വിളയുന്നുണ്ട് ഇപ്പോഴുമിവിടെ. തേങ്ങ ചുട്ടരച്ച ചമ്മന്തിയും കനലിൽ ചുട്ട പപ്പടവും ഇത്തിരി കണ്ണിമാങ്ങാ അച്ചാറും കൂട്ടി ചൂടോടെ ആ കഞ്ഞി കുടിച്ചാൽ കഞ്ഞിപ്പാടം പിന്നെ മനസ്സിൽനിന്ന് മായില്ല.

കേരളത്തിലെ നാലു പ്രധാന നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍, മീനച്ചില്‍ എന്നിവയും വേമ്പനാട്ടുകായലും ചേര്‍ന്നു രൂപം നല്‍കിയ ഡെല്‍റ്റാപ്രദേശമാണ് കുട്ടനാട്. ആലപ്പുഴ , കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ മൊത്തം വിസ്തൃതി 870 ചതുരശ്ര കിലോമീറ്ററാണ്.കുട്ടനാടിന്റെ അതിരുകള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട് , കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്കുകളിലും, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുമായി ആകെ 79 റവന്യൂ വില്ലേജുകള്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടുന്നതായി രേഖകൾ പറയുന്നു.
കുട്ടനാടിന്‍റെ കാര്‍ഷികചരിത്രത്തിലെ സുവര്‍ണ്ണകാലഘട്ടം ആരംഭിച്ചത് തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ ആലപ്പുഴയില്‍ തുറമുഖം നിര്‍മ്മിച്ചതോടുകൂടിയാണ്. പശ്ചിമഘട്ട മേഖലകളില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനങ്ങളുള്‍പ്പെടെയുള്ള കയറ്റുമതി പ്രാധാന്യമുള്ള കാര്‍ഷിക വിളകള്‍ ആലപ്പുഴ തുറമുഖത്ത് എത്തിക്കപ്പെട്ടത് കുട്ടനാടന്‍ ജലാശയങ്ങളിലൂടെയായിരുന്നു. ഇന്ന് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയുടെ ഭാഗമായ നാഞ്ചിനാട് ആയിരുന്നു അതേവരെ തിരുവിതാംകൂറിന്‍റെ നെല്ലറ എന്ന് അറിയപ്പെട്ടിരുന്നത്. എന്നാല്‍, വര്‍ദ്ധിച്ചുവരുന്ന ധാന്യാവശ്യം നിറവേറ്റപ്പെടുന്നതിന് മറ്റൊരു നെല്ലറകൂടി പടുത്തുയര്‍ത്തേണ്ടതുണ്ട് എന്നും അതിന് ഏറ്റവും അനുയോജ്യം ജലസമൃദ്ധവും, ഫലഭൂയിഷ്ഠവുമായ കുട്ടനാടന്‍ പ്രദേശങ്ങളാണ് എന്നുമുള്ള തിരുവിതാംകൂര്‍ ഭരണാധികാരികളുടെ തിരിച്ചറിവാണ് കുട്ടനാടിനെ കേരളത്തിന്റെ നെല്ലറ എന്ന വിളിപ്പേരിന് അര്‍ഹമാക്കിത്തീര്‍ത്തത്.
വേമ്പനാട്ടുകായലില്‍നിന്നും മനുഷ്യാദ്ധ്വാനം മുഖേന പടുത്തുയര്‍ത്തപ്പെട്ടവയാണ് കുട്ടനാടന്‍ പാടശേഖരങ്ങള്‍. പ്രാദേശിക ഭൂപ്രകൃതിയും ചരിത്രവും അവലംബിച്ചു പറഞ്ഞാല്‍ കുട്ടനാടിനെ പഴയ കുട്ടനാട് അല്ലെങ്കില്‍ അപ്പര്‍ കുട്ടനാട് എന്നും പുതിയ കുട്ടനാട് അല്ലെങ്കില്‍ ലോവര്‍ കുട്ടനാട് എന്നും രണ്ടായി തിരിക്കാം. ഇതില്‍ അപ്പര്‍ കുട്ടനാട് മുഖ്യമായും വേമ്പനാട്ട് കായലില്‍ പതിക്കുന്ന നദികള്‍ നിക്ഷേപിച്ച എക്കലും മണ്ണും അടിഞ്ഞ് രൂപപ്പെട്ടതാണ്. ചില പ്രദേശങ്ങളാകട്ടെ ആഴംകുറഞ്ഞ കായല്‍ ഭാഗങ്ങള്‍ നികത്തി രൂപപ്പെടുത്തിയവയും.
നിത്യേന നൂറുകണക്കിനാളുകളാണ് കുട്ടനാടിൻ്റെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനായി ഇവിടെ എത്തുന്നത്. ഹൗസ് ബോട്ടുകളിലും, ചെറുവള്ളങ്ങളിലുമായി കുട്ടനാടൻ ജലാശയങ്ങൾ കണ്ട് പ്രകൃതി ഭംഗി ആസ്വദിക്കുന്നവരെ കൂടാതെ, കുട്ടനാടിൻ്റെ ദൃശ്യഭംഗി നുകരാനായി പലതരത്തിലുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.അതിലൊന്നാണ് കഞ്ഞിപ്പാടം വഴിയുള്ള റോഡ് യാത്ര.
വരമ്പുകളുണ്ടെങ്കിലും വീട്ടുകാർ തമ്മിൽ അതിർവരമ്പുകൾ ഇല്ലാത്ത നാടാണ് കുട്ടനാട്.ഒരു വീട്ടിലേക്ക് പോകണമെങ്കിൽ മറ്റൊരു മുറ്റത്തുകൂടി കയറി അടുത്തതിന്റെ അടുക്കളപ്പുറം വഴി കന്നാലിക്കൂടും കടന്നുവേണം പോകാൻ.ഒന്നിച്ച് പാടത്തു പണിയെടുക്കുന്നവർ തമ്മിലെ നല്ലൊരു കൂട്ടുകെട്ട് എക്കാലത്തും ഉണ്ടായിരുന്നു. ആണ്ടോടാണ്ട് വെള്ളപ്പൊക്കം വരുമ്പോൾ ആ ഒന്നിച്ചുനിൽക്കൽ കരുത്താർജിക്കും.ക്യാമ്പുകളിൽ ഒരടുപ്പിൽ കഞ്ഞിവെച്ച് ദുരിതങ്ങളൊക്കെ പറഞ്ഞും നാളത്തെ തെളിച്ചം ആഞ്ഞുറപ്പിച്ചും അവരങ്ങനെ ഒന്നിച്ചു കഴിയും.ആ ‘കൂട്ട’ നാടാണ് നമ്മളറിയുന്ന കുട്ടനാട്.
ലോകത്തിന് എന്നും അത്ഭുതകാഴ്ചയാണ് സമുദ്രനിരപ്പിലും താഴെ കിടക്കുന്ന കുട്ടനാട്. ഇച്ഛാശക്തിയുടെ പിന്‍ബലത്തില്‍ കായല്‍കുത്തിയെടുത്ത് നിലങ്ങളായി മാറ്റിയ ആളുകളുടെ നാട് കൂടിയാണ് കുട്ടനാട്.രണ്ടാള്‍ താഴ്ചയില്‍ നെല്ലു വിളയുന്ന പാടങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടലുപോലെ കിടന്ന കായലായിരുന്നു.
അതെ,കായലോളങ്ങളും നെല്‍പാടങ്ങളും കെട്ടുവള്ളങ്ങളും മാത്രമല്ല കുട്ടനാടിന്റെ ചിത്രങ്ങള്‍.പമ്പയാറിന്റെ കൈവഴികളിലും വേമ്പനാട്ടുകായലിന്റെ തിരയിളക്കങ്ങളിലും ജീവിതം താളംപിടിക്കുന്ന ഒരു ജനതയുടെ ഇച്ഛാശക്തിയുടെയും ആത്മധൈര്യത്തിന്റെയും പേരുകൂടിയാണ് കുട്ടനാട്!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: