Life Style

‘നോ’ പറയാൻ ധൈര്യമുണ്ടോ…? ഇല്ലെങ്കിൽ പല ചതികളും പതിയിരിപ്പുണ്ട്

ലൈഫ്‌സ്റ്റൈൽ

സുനിൽ കെ ചെറിയാൻ

Signature-ad

    ചിട്ടിയിൽ നമ്മെ ചേർക്കാൻ ‘യാചിക്കുന്ന’ ആന്റി പറയുന്നത് ഈ ഒരു ചിട്ടി കൂടെ കിട്ടിയാലേ ആവശ്യത്തിനുള്ള റൗണ്ട് പൂർത്തിയാവൂ എന്നാണ്. ആന്റിയെ കഷ്‌ടപ്പെടുത്തേണ്ടെന്ന് വിചാരിച്ച് നമ്മൾ ആ ചിട്ടിയിൽ ചേരുന്നു. എൽ ഐ സി ഏജന്റായ ബന്ധുവും അത് തന്നെയാണ് പറഞ്ഞത്. ഈ ഒരു പോളിസി കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ജോലി തന്നെ അപകടത്തിലാണെന്ന്! കുടുംബപ്രശ്‍നം ഉണ്ടാക്കേണ്ടെന്ന് കരുതി നാം നന്മമരമാവും.

കൂട്ടുകാർ കൂടുമ്പോൾ ഒരു ഡ്രിങ്ക് ആരെങ്കിലും വച്ച് നീട്ടിയാൽ അദ്ദേഹത്തിന് അപമാനമാകേണ്ടെന്ന് വിചാരിച്ച് നമ്മൾ അത് വാങ്ങി വിഴുങ്ങുന്നു. കുടുംബത്തിലെ പ്രധാന കാരണവർ ഒരു കല്യാണാലോചനയുമായി വന്നാൽ ധിക്കാരിയാവേണ്ടെന്ന് കരുതി ആ കല്യാണത്തിന് സമ്മതം മൂളുന്നു.

വീട് പണിയുമ്പോൾ അത്യാവശ്യം അന്തിയുറങ്ങാനൊരിടം എന്ന് മനസ്സിൽ കണക്ക് കൂട്ടുമ്പോൾ, ഇവിടെ ഒരു വരാന്ത നന്നായിരിക്കും; അവിടെ നാല് തൂണുകൾ പൊളിയായിരിക്കും എന്ന് പറയുന്ന കസിൻ… അവനിപ്പോൾ എൻജിനീയറാണ്, അവനോടാണല്ലോ വീടിന്റെ പ്ലാൻ വരയ്ക്കാൻ പറഞ്ഞത്, ലുക്കല്ല, സൗകര്യമാണ് പ്രധാനം എന്ന് പറഞ്ഞപ്പോൾ ‘അങ്കിളിന്റെ മനസ് എനിക്കറിഞ്ഞു കൂടെ’ എന്ന് പറഞ്ഞവനാണ് പോക്കറ്റ് ചോർത്തുന്ന തൂണുകളും ആർഭാട വരാന്തയുമായി വരുന്നത്.

വീടിന്റെ പാലു കാച്ചലിന് പാലൊഴിച്ച് ബാക്കി എല്ലാ വിഭവങ്ങളുമുണ്ട്. എന്തിനാണ് ഇത്രേം ഐറ്റംസ് എന്ന് ചോദിക്കുമ്പോൾ കേറ്ററിംഗുകാരനായ അയൽക്കാരൻ പറയുന്നു, ഇപ്പൊ അതാണ് ട്രെൻഡ്. എന്റെ ബിസിനസ് പൊളിക്കരുത്!

ആരുടെയെങ്കിലും ബിസിനസിൽ ഇല്ല എന്ന് പഠിപ്പിക്കുന്നുണ്ടോ? കുറച്ച് ഇല്ലെന്ന് പറയാനുള്ള ധൈര്യം വേണമായിരുന്നു. വൈകിട്ട് ഒന്ന് കൂടാമെന്ന് പറയുന്ന സംഘത്തോട് പറയണം:
‘ഇല്ല.’
സോഷ്യൽ മീഡിയയിൽ നമ്മളിട്ട പോസ്റ്റിനോട് നെഗറ്റീവായി പ്രതികരിച്ച ആളോട് കൂടുതൽ നെഗറ്റീവായി ഒരു മറുപടി?:
‘ഇല്ല.’
പണ്ടത്തെ ക്‌ളാസ്‌മേറ്റ്സ് ചേർന്നൊരു ഡയറക്റ്റ് മാർക്കറ്റിങ്ങ് സംരംഭം:
‘ഇല്ല.’

ഈ ഇല്ലാകൾ ചേർന്ന് കുറെ നല്ല ഉവ്വകൾ നമുക്ക് സൃഷ്ടിക്കാനാകണം. കുടുംബത്തോടൊപ്പം കുറേക്കൂടി സമയം:
‘ഉവ്വ്.’
ദൂരെയുള്ള ബന്ധുവിനോടോ, പഴയ സുഹൃത്തിനോടോ ക്ഷേമം അന്വേഷിക്കൽ:
‘ഉവ്വ്.’
സ്വയം നവീകരിക്കാനുള്ള അവസരങ്ങളോട് ‘ഉവ്വ്…’

ആഡംബരത്തിന് ചിലവഴിച്ചേക്കാവുന്ന കാശ് കൂട്ടിവച്ച് കുടുംബത്തെ കൂട്ടി ഒരു യാത്ര പോകുന്നത് പോലെ കുറെ ‘ഇല്ലാ’കൾ കുറച്ച് ‘ഉവ്വ് ‘കൾക്ക് വഴിയൊരുക്കുന്നു.

Back to top button
error: