IndiaNEWS

രോഹിത് വെമുല കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍; കുടുംബവുമായി രേവന്ത് റെഡ്ഡി കൂടിക്കാഴ്ച നടത്തും

ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസ് സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ പുനരന്വേഷണത്തിന് തെലങ്കാന സര്‍ക്കാര്‍. ക്ലോഷര്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രോഹിത്തിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തും.

കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് തെലങ്കാന ഡി.ജി.പി. രവി ഗുപ്ത വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തെലങ്കാന പോലീസിന്റെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് രോഹിത്തിന്റെ അമ്മ രാധിക വെമുലയടക്കം രംഗത്തെത്തിയിരുന്നു.

ശനിയാഴ്ചയാണ് രേവന്ത് റെഡ്ഡി, രോഹിത് വെമുലയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുക. അമ്മ രാധിക വെമുല, സഹോദരന്‍ രാജ വെമുല എന്നിവര്‍ മുഖ്യമന്ത്രിയെ കാണും.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ തെലങ്കാന പോലീസ് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി. എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സര്‍വകലാശാലയില്‍ തനിക്കുനേരെ ജാതിവിവേചനമുണ്ടെന്നാരോപിച്ചാണ് 2016-ല്‍ വെമുല ആത്മഹത്യചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: