ഗള്‍ഫ് മേഖലയില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ശക്തമായ മഴയെത്തിയിരിക്കുന്നത്
നേരത്തെ ഒമാനില്‍ അടക്കം മഴയെ തുടര്‍ന്ന് 18 പേര്‍ മരിച്ചിരുന്നു. ദുബായില്‍ എല്ലാ ബീച്ചുകളും പാര്‍ക്കുകളും മാര്‍ക്കറ്റുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദുബൈല്‍ മഴ വീണ്ടും കനക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. സ്‌കൂളുകളും അടച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കാറുകള്‍ പലതും വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഖാസിം മേഖലയിലാണ് മഴക്കെടുതികള്‍ രൂക്ഷമായിട്ടുള്ളത്. ഏഴ് മണിക്കൂറോളം അതിശക്തമായ മഴ തുടര്‍ന്നു. ഖാസിം അടക്കമുള്ള നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റിയാദിലും മദീനയിലും മഴക്കെടുതികള്‍ രൂക്ഷമാണ്.
കിഴക്കന്‍ പ്രവിശ്യയിലെയും റിയാദിലെയും സ്‌കൂളുകള്‍ എല്ലാം അടച്ചിരിക്കുകയാണ്. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതിയും തടസ്സപ്പെട്ടിട്ടുണ്ട്. റിയാദിലെ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും ഗതാഗതം തടസപ്പെട്ടിട്ടില്ല.
കാറ്റും മഴയും, ഇടിയുമെല്ലാം സൗദിയില്‍ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഖത്തറിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ബഹ്‌റൈനിലും കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും ഇടിയോട് കൂടിയ മഴ പെയ്യാനും സാധ്യതയുണ്ട്. കുവൈത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഞായറാഴ്ച്ച മുതല്‍ കുവൈത്തില്‍ മഴ തുടരുന്നുണ്ട്. ഒമാനിലും മഴ തുടരുകയാണ്. യുഎഇയിലും ഒമാനും വീണ്ടും മഴ കനക്കും. യുഎഇയില്‍ ജീവനക്കാരോടെല്ലാം വീട്ടിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഷാര്‍ജയിലും ദുബായിലും സ്‌കൂളുകളില്‍ വിദൂര പഠനത്തിനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് ദുബായിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇസ്താംബൂൾ, നെയ്റോബി, കെയ്റോ, ജോഹന്നാസ്ബെർഡ്, ജോർദാൻ വിമാനങ്ങളാണ് റദ്ദാക്കിയത്. അബുദാബിയിലും ദുബൈയിലും ശക്തമായ മഴയാണ് ലഭിക്കുത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു. എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളാണ് റദ്ദാക്കിയത്.
വിമാനത്താവളത്തിലേക്കുള്ള മറ്റ് സർവ്വീസുകൾ വെട്ടിക്കുറച്ചു. യാത്രക്കാർ ഓൺലൈൻ ആയി വിമാനങ്ങളുടെ സമയമാറ്റം പരിശോധിക്കണമെന്നാണ് നിർദേശം.
ശക്തമായ മഴയെ തുടർന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം യുഎഇയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ദഫ്ര , അൽ സില പ്രദേശങ്ങളിലാണ് കനത്ത മഴ ആദ്യം റിപ്പോർട്ട് ചെയ്തത്. മെയ് രണ്ട് ,മൂന്ന് തീയതികളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിരുന്നു.