KeralaNEWS

”മേയര്‍ക്കെതിരേ വലിയ സൈബര്‍ ബുള്ളിയിങ്; സച്ചിന്‍ദേവ് ബസില്‍ കയറിയത് ടിക്കറ്റെടുത്ത് ഡിപ്പോയിലേക്കുപോകാന്‍”

തിരുവനന്തപുരം: എല്ലാവര്‍ക്കും കേറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആര്‍ക്കെങ്കിലും മിഥ്യാധാരണയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീം എംപി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സച്ചിന്‍ദേവ് എംഎല്‍എ ശ്രമിച്ചത് ടിക്കറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്കുപോകാനാണെന്നും റഹീം പറഞ്ഞു.

വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കെതിരേയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരേയും നടക്കുന്നത് അങ്ങേയറ്റത്തെ സൈബര്‍ ബുള്ളിയിങ്ങാണ്. അങ്ങനെ ഏകപക്ഷീയമായി കേറി സൈബര്‍ ആക്രമണംനടത്തിയാല്‍ ഈ പണിയെല്ലാം നിര്‍ത്തിപോകുമെന്ന് ആരും കരുതേണ്ട. അവര്‍ ഇടതുപക്ഷമായതുകൊണ്ട് മാത്രമാണ് ആക്രമിക്കപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഇറക്കിവിട്ടിരിക്കുന്ന സൈബര്‍ ഗുണ്ടകളെ തിരിച്ചുവിളിക്കുന്നതാണ് നല്ലതെന്നും റഹീം പറഞ്ഞു.

Signature-ad

ഏറെക്കാലമായി കേരളത്തില്‍ ഇങ്ങനെയൊരു ടീം രൂപപ്പെട്ടുവന്നിട്ടുണ്ട്. അതില്‍ യൂത്ത് കോണ്‍ഗ്രസിന്റേയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും ആളുകളുണ്ട്. അവര്‍ നട്ടുനനച്ചു വളര്‍ത്തുന്ന ഒരു ക്രിമിനല്‍ സംഘം. സാമൂഹ്യമാധ്യമങ്ങളില്‍ എന്തും പറയാന്‍, സ്വന്തം അമ്മയെ ആണെങ്കില്‍ അമ്മയേയും തെറിവിളിക്കാന്‍ മടിയില്ലാത്ത ഒരു സംഘം. അരാജകസംഘത്തെ ചെല്ലുംചെലവും കൊടുത്തു വളര്‍ത്തുകയാണ് കേരളത്തില്‍. സ്ത്രീ അധിക്ഷേപമായിരിക്കാം ചിലപ്പോള്‍ വര്‍ഗീയ അധിക്ഷേപമായിരിക്കാം. എന്തും ചെയ്യും. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഏതൊരാളേയും ആക്രമിക്കും. ഇത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഇറക്കിവിട്ടിരിക്കുന്ന സൈബര്‍ ഗുണ്ടകളെ തിരിച്ചുവിളിക്കുന്നതാണ് നല്ലത്, റഹീം പറഞ്ഞു.

‘എന്താണ് എല്ലാവരും ഉന്നയിക്കുന്ന കാര്യം? പ്രതിരോധത്തിലായപ്പോള്‍ ആംഗ്യഭാഷ കാണിച്ചു, അശ്ലീല ഭാഷ കാണിച്ചുവെന്ന്. വ്യാജ പ്രതിരോധം തീര്‍ക്കുന്നു. കള്ളി മേയര്‍. ഈ സംഭവത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ഇടപെട്ടയാളാണ് ഞാന്‍. ആര്യയോട് സംസാരിച്ചയാളാണ് ഞാന്‍. അവള്‍ക്ക് നേരിടേണ്ടിവന്ന അശ്ലീല ആംഗ്യഭാഷയെക്കുറിച്ച് ആദ്യംതന്നെ എന്നോട് പറയുന്നുണ്ട്. പ്രക്ഷേപണംചെയ്ത വീഡിയോയില്‍തന്നെ അവര്‍ ഏത് ആംഗ്യമാണ് കാണിച്ചതെന്ന് പറയുന്നില്ലേ? ടെലിഫോണ്‍ സംഭാഷണത്തില്‍ ചോദിക്കുന്നില്ലേ ഇയാള്‍ ഏത് ആംഗ്യമാണ് കാണിച്ചതെന്ന്?’, റഹീം പറഞ്ഞു.

ഇവിടെ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു പച്ചക്കള്ളം ഞാന്‍ പറയാം. സച്ചിന്‍ദേവ് കയറി ആ വാഹനത്തില്‍ നിന്ന് എല്ലാവരേയും ഇറക്കിവിട്ടു. ശുദ്ധനുണയാണ്. അയാള്‍ കയറിയിട്ട് ആവശ്യപ്പെട്ടത് എനിക്കും കൂടി ഒരു ടിക്കറ്റ് താ, വണ്ടി നേരെ ഡിപ്പോയിലേക്ക് പോകട്ടെ എന്നാണ് ആവശ്യപ്പെട്ടത്. വഴിയില്‍ വാഹനം നിര്‍ത്തേണ്ടി വന്നാല്‍ സാധാരണഗതിയില്‍ നിയമാനുസൃതമായി ചെയ്യുംവിധം വേറെ വാഹനങ്ങളില്‍ കയറ്റിവിടാനാണ് ബസിന്റെ അധികൃതര്‍ ശ്രമിച്ചത്. പോലീസ് വന്ന് ആരേയെങ്കിലും ഇറക്കിവിടുമോ?, റഹീം പറഞ്ഞു.

മേയറെ ആക്രമിക്കുന്നതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. അങ്ങനെയൊരു പൊളിറ്റിക്കല്‍ ബ്രാന്‍ഡ് ഉയര്‍ന്നുവരേണ്ടതില്ല എന്ന ലക്ഷ്യമാണത്. അച്ചു ഉമ്മനെതിരേ സൈബര്‍ ആക്രമണം നടന്നപ്പോള്‍ തള്ളിപ്പറയാന്‍ ധീരത കാണിച്ചവരാണ് ഞങ്ങളൊക്കെ. ജനാധിപത്യപരമായി, നിയപരമായി ശക്തമായി മുന്നോട്ടുപോകുമെന്നും നിങ്ങള്‍ കല്ലെറിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സഖാക്കള്‍ അവര്‍ മാത്രം ഒറ്റയ്ക്കായി പോകുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല, റഹീം പറഞ്ഞു.

Back to top button
error: