KeralaNEWS

മേയര്‍ തടഞ്ഞ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന് പൊലീസ്; മെമ്മറി കാര്‍ഡ് പാര്‍ട്ടിക്കാര്‍ കൊണ്ടുപോയെന്ന് ഡ്രൈവര്‍

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും ബസ് തടഞ്ഞ സംഭവത്തില്‍ തുടര്‍ നടപടിയുമായി പൊലീസ്. വിവാദ സംഭവം അരങ്ങേറിയ കെഎസ്ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. എന്നാല്‍ ഇതിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. മെമ്മറി കാര്‍ഡ് മാറ്റിയോ എന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.

കെഎല്‍ 15 എ 763 നമ്പര്‍ ബസിലാണ് പൊലീസ് പരിശോധന നടത്തിയത്. മൂന്ന് ക്യാമറകളാണ് ബസിലുള്ളത്. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഈ കേസിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്.

ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ ഇടിച്ചുവെന്ന ആരോപണം ഡ്രൈവര്‍ യദു ഉന്നയിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെളിയിക്കണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ബസിന് കുറുകേ മേയറുടെ കാര്‍ ഇട്ടുവെന്നത് നേരത്തെ തന്നെ ദൃശ്യങ്ങളില്‍ തെളിഞ്ഞതാണ്.

എന്നാല്‍ എത്രനേരം കാര്‍ ബസിന് കുറുകെ റോഡില്‍ പാര്‍ക്ക് ചെയ്തുവെന്നും പിഎംജി ജംഗ്ഷന് മുമ്പ് മുതലുള്ള ചേസിംഗ് ദൃശ്യങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ലഭിക്കണമെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

ക്യാമറയും ഡിവിആറും ഉള്‍പ്പെടെ എടുത്തുകൊണ്ട് പോയി പരിശോധിക്കാനാണ് പൊലീസ് നീക്കം. കഴിഞ്ഞ ദിവസം മേയറുടേയും ബസ് ഡ്രൈവറുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ വിഷയത്തിലെ പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഗതാഗത വകുപ്പ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കണമോ വേണ്ടയോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ യദു പ്രതികരിച്ചിട്ടുണ്ട്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മെമ്മറി കാര്‍ഡ് പാര്‍ട്ടിക്കാര്‍ ആരെങ്കിലും മാറ്റിയതായിരിക്കാമെന്നാണ് യദു ആരോപിക്കുന്നത്.

 

Back to top button
error: