KeralaNEWS

വോട്ടിങ് മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്തത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിലായതായി പരാതി. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വിരലുകളിലാണ് വോട്ടിങ് മഷി മൂലം പഴുപ്പ് രൂപപ്പെട്ടത്. ഫാറൂഖ് കോളജ് എ.എല്‍.പി സ്‌കൂളിലെ 93ാം നമ്പര്‍ ബൂത്തില്‍ പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാനായിരുന്നു എന്‍.എസ്.എസ് വളന്റിയറായിരുന്ന വിദ്യാര്‍ഥിനിയെ ആദ്യം ചുമതലപ്പെടുത്തിയത്.

എന്നാല്‍, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലില്‍ മഷി പുരട്ടുന്ന വളരെയധികം ഉത്തരവാദപ്പെട്ടതും, പോളിങ് ഓഫിസര്‍മാര്‍ മാത്രം നിര്‍വഹിക്കേണ്ടതുമായ ചുമതല ഏല്‍പിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍ ഉള്‍പ്പെടെ ആശങ്കകളും പരാതികളും നിലനില്‍ക്കേ പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമായിട്ടുണ്ട്.

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാന്‍ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും. ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു. വിരലുകള്‍ക്ക് പുകച്ചിലും മറ്റും വന്നപ്പോള്‍ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്.

ഉച്ചക്ക് രണ്ടുമണി വരെ തന്റെ ഊഴം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയുടെ കൈവിരലുകളില്‍ പഴുപ്പുവന്ന് ഗുരുതരമായി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ചിലപ്പോള്‍ സര്‍ജറി വേണ്ടിവരുമെന്നാണ് ഡോക്ടര്‍ അറിയിച്ചത്.

സില്‍വര്‍ നൈട്രേറ്റിന്റെ അളവു കൂടുതലുള്ള ഫോസ് ഫോറിക് മഷി നഖത്തിലും തൊലിയിലുമായി പുരട്ടിയാല്‍ അടയാളം മാഞ്ഞുകിട്ടണമെങ്കില്‍ ചുരുങ്ങിയത് നാലുമാസം വരെ കാത്തു നില്‍ക്കണം ചിലര്‍ക്ക് പുതിയ നഖവും തൊലിയും വരുന്നതോടുകൂടി മാത്രമേ മഷി മായുകയുള്ളൂ. വിദ്യാര്‍ത്ഥിയെ മഷി പുരട്ടാന്‍ ഏല്‍പ്പിച്ച സംഭവം സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: