NEWSWorld

ഗാസയില്‍ 40 ദിവസം വെടിനിര്‍ത്താന്‍ ഇസ്രയേല്‍ നിര്‍ദേശം; വിട്ടുവീഴ്ച ചെയ്യാന്‍ ഹമാസിനുമേല്‍ സമ്മര്‍ദം

ജറുസലം: നാല്‍പതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയില്‍ 40 ദിവസം താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കാമെന്ന് ഇസ്രയേല്‍ നിര്‍ദേശിച്ചു. ഇതിനോടു ഹമാസ് അനുകൂലമായി പ്രതികരിച്ചാല്‍ കയ്‌റോ ചര്‍ച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന. എന്നാല്‍, ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തലും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റവുമാണു ഹമാസിന്റെ മുഖ്യആവശ്യം. വിട്ടുവീഴ്ച ചെയ്യാന്‍ ഹമാസിനുമേല്‍ മധ്യസ്ഥരായ ഈജിപ്തും ഖത്തറും സമ്മര്‍ദം ചെലുത്തുന്നുണ്ട്.

റിയാദില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെ, യുദ്ധാനന്തര ഗാസ സംബന്ധിച്ച പദ്ധതികള്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറബ് നേതാക്കളുമായി ചര്‍ച്ച ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചാല്‍, ഇസ്രയേലില്‍ നെതന്യാഹു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണി തീവ്രവലതുപക്ഷ കക്ഷികള്‍ ആവര്‍ത്തിച്ചു.

24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 40 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. റഫയില്‍ 3 വീടുകളില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 25 പേരും വടക്കന്‍ ഗാസയില്‍ 6 പേരും അല്‍നുസറത്തില്‍ 4 പേരും മധ്യ ഗാസയില്‍ 5 പേരുമാണു കൊല്ലപ്പെട്ടത്.

ഗാസയിലെ ജീവകാരുണ്യ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് യുഎസ് ആസ്ഥാനമായ സന്നദ്ധ സംഘടന വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്‍ അറിയിച്ചു. ഭക്ഷണപ്പൊതികളുമായി ജോര്‍ദാന്‍ വഴി റഫയിലേക്കു ട്രക്കുകള്‍ അയയ്ക്കാനാണു പദ്ധതി. അല്‍ മവാസിയില്‍ സമൂഹ അടുക്കളയും സ്ഥാപിക്കും. ഈ മാസം ഒന്നിനു വടക്കന്‍ ഗാസയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 7 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സംഘടന പ്രവര്‍ത്തനം നിര്‍ത്തിയത്.

Back to top button
error: