KeralaNEWS

വോട്ടർ മഷിയിൽ നിന്നും വിദ്യാർഥിനിയുടെ വിരലുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

കോഴിക്കോട്: വോട്ടർ മഷിയിൽ നിന്നും വിദ്യാർഥിനിയുടെ വിരലുകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

ഫറോക്ക് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ ഇടതുകൈ വിരലുകള്‍ക്കാണ് മഷിപുരണ്ട് പൊള്ളലേറ്റത്.

ചാലിയം ഉമ്ബിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയറായ വിദ്യാർഥിനിക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചത് ഫാറൂഖ് കോളേജ് എ.എല്‍.പി. സ്കൂളിലാണ്. ഇവിടെ ഭിന്നശേഷിക്കാരായ ആളുകളെ വോട്ടുചെയ്യുന്നതിന് സഹായിക്കലായിരുന്നു ഡ്യൂട്ടി.

Signature-ad

എന്നാല്‍, സ്കൂളില്‍ എത്തിയപ്പോള്‍ 93 നമ്ബർ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ ആളുകളുടെ വിരലില്‍ മഷിപുരട്ടലായിരുന്നു ഡ്യൂട്ടി. പത്തുമുതല്‍ രണ്ടുവരെ വിദ്യാർഥിനി മഷി പുരട്ടാനിരുന്നു. തുടർന്ന് വിട്ടിലെത്തിയപ്പോള്‍ ഇടതുകൈവിരലുകള്‍ക്ക് കഠിനമായ വേദനയനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ചെറുവണ്ണൂരിലെ സ്വകാര്യആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

സംഭവമറിഞ്ഞ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും വിവരശേഖരം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം വോട്ടറുടെ വിരലില്‍ മഷിപുരട്ടുന്നതും വോട്ടർസ്ലിപ്പുകള്‍ നല്‍കലുമെല്ലാം പോളിങ് ഉദ്യോഗസ്ഥരുടെ ചുമതലയില്‍പ്പെട്ടതാണ്.

അതേസമയം കുറ്റ്യാടി നിയമസഭാ നിയോജക മണ്ഡലത്തിലെ വിവിധബൂത്തുകളില്‍ പോളിങ് ഡ്യൂട്ടിയില്‍ ഏർപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലർക്ക് വിരലില്‍പുരട്ടുന്ന മഷിയില്‍നിന്ന് പൊള്ളലേറ്റു. വലതു കൈയിലെ വിരലുകള്‍ക്കാണ് പൊള്ളലേറ്റിട്ടുള്ളത്. വിരലിന്റെ അഗ്രഭാഗത്തെ തൊലി പൊളിഞ്ഞുപോയ ഉദ്യോഗസ്ഥരുമുണ്ട്.

സെക്കൻഡ് പോളിങ് ഉദ്യോഗസ്ഥർക്കാണ് കൂടുതലായും പൊള്ളലേറ്റത്. വോട്ടിങ് രജിസ്റ്ററില്‍ വോട്ടരുടെക്രമനമ്ബരും തിരിച്ചറിയല്‍കാർഡ് നമ്ബറുംചേർത്ത് ഒപ്പുവെപ്പിക്കുകയും വിരലില്‍ മഷി അടയാളം പുരട്ടുകയും ചെയ്യുന്ന ജോലി ഇവർക്കായിരുന്നു.

ന്യൂഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലാബോറട്ടറി വികസിപ്പിച്ചെടുത്ത മഷി വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത് കർണാടകയിലെ മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് ആണ്.

Back to top button
error: