KeralaNEWS

വോട്ടെടുപ്പിനിടയില്‍ വിവിധയിടങ്ങളില്‍ ഏഴ് മരണം; മരിച്ചവരില്‍ ബൂത്ത് ഏജന്റും

തിരുവനന്തപുരം: വോട്ടെടുപ്പിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഏഴ് പേര്‍ കുഴഞ്ഞുവീണു മരിച്ചു.പാലക്കാട് ജില്ലയില്‍ മാത്രം മൂന്ന് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്.

പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാന്‍ എത്തിയ വ്യക്തിയാണ് കുഴഞ്ഞു വീണു മരിച്ചത്. ചുനങ്ങാട് വാണിവിലാസിനി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ ചന്ദ്രന്‍ (68) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെതുടര്‍ന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിളയോടിയില്‍ വോട്ട് ചെയ്യാനെത്തിയയാളാണ് പാലക്കാട് ജില്ലയില്‍ കുഴഞ്ഞുവീണ് മരിച്ച രണ്ടാമത്തെയാള്‍. പുതുശേരി കുമ്പോറ്റിയില്‍ കണ്ടന്‍ (73) ആണ് മരിച്ചത്. വോട്ട് ചെയ്ത് തിരികെ പോകുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വിളയോടി എസ് എന്‍ യു പി സ്‌കൂളിലാണ് വോട്ട് ചെയ്യാന്‍ എത്തിയത്.

തേന്‍കുറിശ്ശി വടക്കേത്തറ എല്‍ പി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ 32 കാരനായ തേന്‍കുറിശ്ശി സ്വദേശി ശബരി ആണ് കുഴഞ്ഞുവീണുമരിച്ച മൂന്നാമത്തെയാള്‍.

മലപ്പുറം തിരൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയയാളും കുഴഞ്ഞുവീണ് മരിച്ചു. വള്ളിക്കാഞ്ഞിരം ഇര്‍ഷാദ് സുബിയാന്‍ മദ്രസയിലെ അധ്യാപകനായ നിറമെരുതൂര്‍ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി ( 65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. നിറമരതൂര്‍ വള്ളികാഞ്ഞീരം സ്‌കൂള്‍ ബൂത്തിലെ ആദ്യ വോട്ടര്‍ ആയിരുന്നു.

കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവര്‍ത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

എറണാകുളം കാക്കനാട് പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനിടെയാണ് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചത്. കാക്കനാട് സ്വദേശി അജയന്‍ (46) ആണ് മരിച്ചത്. ആലപ്പുഴ അമ്പലപ്പുഴ കാക്കാഴം സ്‌കൂളില്‍ വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: