IndiaNEWS

ബി.ജെ.പി കോടതിയെ വിലക്കെടുത്തു, ഒറ്റ വോട്ട് പോലും ലഭിക്കില്ല; 26,000 അധ്യാപകരുടെ ജോലി പോയതില്‍ മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.

‘ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു വോട്ടുപോലും ലഭിക്കില്ല. അധ്യാപകരുടെ മാത്രമല്ല ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വോട്ട് അവര്‍ക്ക് ലഭിക്കില്ല’ മമത പറഞ്ഞു.

ജോലി ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016 ല്‍ നടത്തിയ റിക്രൂട്ട്മെന്റ് പ്രക്രിയ കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതോടെ 26,000 പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇവരോട് 12 ശതമാനം പലിശ സഹിതം ശമ്പളം തിരികെ നല്‍കാനും കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ബിജെപി കോടതികളെ വിലക്കെടുത്തിരിക്കുകയാണ്. ഹൈക്കോടതിയും അതിലുണ്ട്. പക്ഷെ തനിക്ക് സുപ്രിംകോടതിയില്‍ വിശ്വാസമുണ്ട്. പരമോന്നത നീതി പീഠം തനിക്ക് നീതി നല്‍കുമെന്നും മമത പറഞ്ഞു.

കോടതികള്‍ മാത്രമല്ല, സിബിഐ, എന്‍ഐഎ, ബിഎസ്എഫ്, സിഎപിഎഫ്, തുടങ്ങിയവയെല്ലാം ബിജെപിയുടെ കൈകളിലാണ്. അവര്‍ ദൂരദര്‍ശന് കാവി നിറം നല്‍കി. അവര്‍ക്ക് എപ്പോഴും ബിജെപിയെക്കുറിച്ചും മോദിയെക്കുറിച്ചും മാത്രമെ പറയാനുള്ളു എന്നും മമത തുറന്നടിച്ചു. അവര്‍ പറയുന്നതെല്ലാം ബഹിഷ്‌കരിക്കണമെന്നും മമത കൂട്ടിച്ചേര്‍ത്തു.

എല്ലാ നിയമനങ്ങളും അസാധുവാക്കിയ കോടതി ഉത്തരവിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഏതാനും ചിലര്‍ നടത്തിയ അഴിമതിയുടെ പേരില്‍ ആയിരക്കണക്കിന് നിരപരാധികളായ അധ്യാപകരും അവരുടെ കുടുംബങ്ങളും വിദ്യാര്‍ത്ഥികളും ദുരിതമനുഭവിക്കുകയാണെന്ന് ജോലിനഷ്ടമായ അധ്യാപകര്‍ കുറ്റപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: