കല്‍പ്പറ്റ: വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകള്‍ എത്തിച്ച സംഭവത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് – വലത് മുന്നണികള്‍.
ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉള്‍പ്പെട്ട കിറ്റാണ് പിടിച്ചെടുത്തത്.
മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്. പിന്നാലെ, അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. നേരെ ചൊവ്വേ മത്സരിച്ചാല്‍ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോല്‍വിയുടെ ആഘാതം കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായും ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.
ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഎം കുറ്റപ്പെടുത്തി.