NEWSWorld

34,000 രൂപക്ക് ഫുഡ്ഡടിച്ചു, ബില്ലടക്കാതെ മുങ്ങി; എട്ടംഗ കുടുംബത്തിനെതിരെ പരാതിയുമായി റെസ്റ്റോറന്റ് ഉടമകള്‍

ലണ്ടന്‍: റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് ബില്ലടക്കാതെ മുങ്ങിയ എട്ടംഗ കുടുംബത്തിനെതിരെ പരാതി. യു.കെയിലാണ് സംഭവം. ആയിരമോ രണ്ടായിരമോ അല്ല, 34,000 രൂപയുടെ ഭക്ഷണമാണ് കുടുംബം കഴിച്ചത്. ബില്ലടക്കാതെ മുങ്ങിയ കാര്യം റെസ്റ്റോറന്റ് ഉടമകള്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കുടുംബം ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോയടക്കമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് ഉടമകള്‍ പറയുന്നതിങ്ങനെ…

‘ഭക്ഷണം കഴിച്ചശേഷം കൂട്ടത്തിലുണ്ടായിരുന്ന യുവതി ബാങ്കിന്റെ കാര്‍ഡ് വെച്ച് ബില്ലടക്കാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടുതവണയും പരാജയപ്പെടുകയായിരുന്നു. താന്‍ പണമുള്ള കാര്‍ഡ് എടുത്തുവരാമെന്നും അതുവരെ മകന്‍ റെസ്റ്റോറന്റിലിരിക്കുമെന്നും പറഞ്ഞ് അവര്‍ പുറത്തിറങ്ങി. എന്നാല്‍ അല്‍പനേരത്തിന് ശേഷം മകന് ഒരു ഫോണ്‍കോള്‍ വരികയും അയാള്‍ പുറത്തിറങ്ങുകയും ചെയ്തു. ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ നല്‍കിയ ഫോണ്‍നമ്പറില്‍ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. നമ്പര്‍ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. മറ്റ് മാര്‍ഗങ്ങളില്ലാതെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആരോടും ഇത് ചെയ്യരുത്. പ്രത്യേകിച്ച് പുതുതായി തുറന്ന ഒരു റെസ്റ്റോറന്റിനോട് ചെയ്യുന്നത് അതിലും മോശമാണ്’. റെസ്റ്റോറന്റ് ഉടമകള്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

കൗണ്ടറില്‍ ബില്ലടയ്ക്കാന്‍ ശ്രമിക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. കുടുംബം ചെയ്തത് ചതിയാണെന്നും ഇവരുടെ ഫോട്ടോ എല്ലാ റസ്റ്റോറന്റിലും പ്രിന്റ് ചെയ്ത് പിന്‍ ചെയ്തുവെക്കണമെന്നാണ് ഒരാളുടെ കമന്റ്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തന്നെ പണം നല്‍കാനുള്ള സംവിധാനം എല്ലാ റെസ്റ്റോറന്റുകളിലും കൊണ്ടുവരുന്നത് ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കുമെന്നായിരുന്നു ചിലരുടെ നിര്‍ദേശം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: