ബംഗളൂരു: കര്‍ണാടകയില്‍ 28 കാരിയായ വിവാഹിതയെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന യുവതിയാണ് പരാതിയുമായി കര്‍ണാടക പൊലീസിനെ സമീപിച്ചത്. ഏഴ് പേരടങ്ങുന്ന സംഘത്തിലെ ഒരാള്‍ അയാളുടെ ഭാര്യയുടെ മുന്നില്‍ വച്ച് തന്നെ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. തന്റെ നെറ്റിയിലെ കുങ്കുമം മായ്ക്കാന്‍ ശ്രമിച്ചെന്നും ബുര്‍ക്ക ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്: പ്രതികളില്‍ ഒരാളായ റഫീഖും ഭാര്യയും യുവതിയെ കബളിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഈ സമയത്ത് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ റഫീഖ് പകര്‍ത്തി. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് റഫീഖും ഭാര്യയും ഭീഷണിപ്പെടുത്തി. ഇതോടൊപ്പം തന്റെ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാന്‍ റഫീക്ക് പറഞ്ഞതായും തന്റെ ആവശ്യങ്ങള്‍ നിരസിച്ചാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും 28 കാരിയായ യുവതി പരാതിയില്‍ പറയുന്നു. മതം മാറിയില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
താന്‍ പിന്നാക്ക ജാതിയില്‍ പെട്ടയാളായതിനാല്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നെന്നും യുവതി ആരോപിച്ചു. 2023 മുതല്‍ റഫീക്കും ഭാര്യയും യുവതിയുടെ പിന്നാലെയുണ്ടെന്നും ബെലഗാവിയിലെ വീട്ടിലേക്ക് താമസം മാറാന്‍ നിര്‍ബന്ധിക്കുകയും അവരുടെ ഉത്തരവുകള്‍ പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഭാര്യയുണ്ടായിരുന്ന സമയത്ത് റഫീഖ് തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു.
യുവതിയുടെ പരാതിയില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതസ്വാതന്ത്ര്യത്തിനുള്ള സംരക്ഷണ നിയമം, ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍, എസ്സി/എസ്ടി ആക്ട്, ഐപിസി വകുപ്പ് എന്നിവയുള്‍പ്പെടെ വിവിധ നിയമങ്ങള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.