CrimeNEWS

കള്ളനെ പിടിച്ച പൊലീസിന് ജോഷിയുടെ ബിഗ് സല്യൂട്ട്, ഈ കള്ളന് ആളുള്ള വീടുകളിൽ മോഷ്ടിക്കുന്നത്  ‘ആവേശം,’ മോഷണമുതലിന്റെ ഒരു ഭാഗം നാട്ടുകാർക്ക് നൽകും

    ജോഷി സംവിധാനം ചെയ്ത ‘റോബിൻഹുഡ്’ എ.ടി.എമ്മുകളിൽ മോഷണം നടത്തുന്ന ഒരു ഹൈടെക് കള്ളന്റെ കഥ പറയുന്ന സിനിമയാണ്. അതിനേക്കാൾ ത്രില്ലായ മറ്റൊരു സിനിമാക്കഥ ജോഷിക്ക് സ്വന്തം ജീവിതത്തിൽ നിന്നു തന്നെ സിനിമയാക്കാം. ലോക ക്ലാസിക്കായ റോബിൻ ഹുഡ് എന്ന നോവലിലെ നായകനെപ്പോലെ മോഷണമുതലിന്റെ ഒരു ഭാഗം സ്വന്തം നാട്ടുകാർക്കായി ദാനം ചെയ്യുന്ന ഒരു കള്ളൻ്റെ കഥ…

ഇത് മുഹമ്മദ് ഇർഫാൻ, സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ഇയാൾക്ക് മറ്റൊരു പേരുകൂടിയുണ്ട്… ഉജാല!

Signature-ad

മോഷണമുതലുകൾ വിറ്റു കിട്ടുന്ന പണത്തിന്റെ നല്ലൊരു പങ്ക് നാട്ടിലെ സാധുക്കളുടെ ചികിത്സാച്ചെലവ്, വിവാഹച്ചെലവ് എന്നിവയ്ക്കും റോഡ് നിർമാണത്തിനും മറ്റും വീതിച്ചു നൽകുന്നതാണു പ്രതിയുടെ രീതി.
ബിഹാറിലെ 7 ഗ്രാമങ്ങൾക്കു കോൺക്രീറ്റ് റോഡുകൾ നിർമിച്ചു നൽകിയ ചരിത്രം ഇർഫാനുണ്ട്. ദാനത്തിനു ശേഷം ബാക്കിയുള്ള പണം ആഡംബര ജീവിതത്തിനായി ചെലവിടും. വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം മോഷണക്കേസുകളാണു പ്രതിക്കെതിരെ ഇതിനോടകം റജിസ്റ്റർ ചെയ്തിട്ടുള്ളത്.

പൂനെയിൽ 2023 ഫെബ്രുവരിയിൽ  മോഷണം നടത്തി മുങ്ങിയ പ്രതിയെ പഞ്ചാബിൽ നിന്നാണു പിടികൂടിയത്. അന്ന് 4 പേർക്കൊപ്പം ആഡംബര കാറിൽ എത്തിയായിരുന്നു മോഷണം. മറ്റു പല കള്ളന്മാരിൽ നിന്നു വ്യത്യസ്തമായി ആളുള്ള വീടുകളിൽ മോഷണം നടത്തുന്നതിലാണ് ഇർഫാന് താല്പര്യം. കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദ് ജൂബിലി ഹിൽസിലെ അതീവ സുരക്ഷയുള്ള എംപി ആൻഡ് എംഎൽഎ കോളനിയിലെ വീട്ടിൽ നിന്നു സ്വർണമാല കവർന്നു കടന്നത്  ഇർഫാൻ്റെ മോഷണ രീതിയുടെ ഒരു ഉദാഹരണം.

ഈ കേസിൽ ജാമ്യത്തിലിറങ്ങി  വെറും 4 മാസത്തിനുള്ളിലാണ് പനമ്പിള്ളിനഗറിൽ ജോഷിയുടെ വീട്ടിലെത്തി മോഷണം നടത്തിയത്.

“സിനിമയിലൊന്നും കാണുന്ന അന്വേഷണം ഒന്നുമല്ലെന്നു സിറ്റി പൊലീസിന്റെ ലൈവ് ആക്‌ഷൻ നേരിട്ടുകണ്ട എനിക്കു ബോധ്യപ്പെട്ടു. അത്രയും വലിയ കഠിനാധ്വാനത്തിലാണു പ്രതി കുടുങ്ങിയത്.”  സംവിധായകൻ ജോഷി പറയുന്നു.

“ശനി രാവിലെയാണ്  മോഷണ വിവരം പൊലീസിനെ അറിയിക്കുന്നത്. പിന്നീടു കണ്ടതു സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങളായിരുന്നു.
കമ്മിഷണർ, ഡിസിപി, എസിപിമാർ എന്നിവരുൾപ്പെടെ മുഴുവൻ സംഘവും ഉടൻ സ്ഥലത്തെത്തി. എ.സി.പി രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല.  എന്റെ വീട്ടിൽ മോഷണം നടന്നു, പൊലീസ് അന്വേഷിച്ചു കണ്ടെത്തി എന്നതിലല്ല കാര്യം. മറിച്ചു സമൂഹത്തിനും മൊത്തം പൊലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലായിരുന്നു സിറ്റി പൊലീസിന്റെ അന്വേഷണവും പ്രവർത്തനങ്ങളും. അതുകൊണ്ട് കേരള പൊലീസിന് എൻ്റെ വക ഒരു ബിഗ് സല്യൂട്ട്…”

Back to top button
error: