KeralaNEWS

ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിലും തനിക്ക് വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി

തൃശൂർ: ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിലും തനിക്ക് വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി.കേന്ദ്രവുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്ന ശൈലിയോട് സംസ്ഥാനത്തെ നേതൃത്വത്തിനുള്ള നീരസം നിലനില്‍ക്കെയാണ് സുരേഷ്‌ ഗോപിയുടെ പ്രസ്താവന.

യുവാക്കള്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിലും തനിക്ക് വോട്ട് ചെയ്യുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എല്ലാ ജാതി- മത വിഭാഗത്തിൽപ്പെട്ട യുവാക്കളുടെയും വോട്ട് കിട്ടും.

പഴയതുപോലെയല്ല, യുവാക്കളുടെ ചിന്താഗതി മാറിയിട്ടുണ്ട്. “അവർ ബിജെപിക്കല്ല, എനിക്കാണ് വോട്ട് തരുന്നത്” ഒരു ഓണ്‍ലൈന് നല്കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി അവകാശപ്പെട്ടു.

ജയിച്ചാല്‍ താൻ കേന്ദ്രമന്ത്രിയാകുമെന്ന പ്രചാരണത്തെയും സുരേഷ് ഗോപി തള്ളിയില്ല. ഓരോരുത്തരുടെ ആഗ്രഹങ്ങളാണ് അവർ പ്രകടിപ്പിക്കുന്നത്. ആകുമോ ഇല്ലയോ എന്നത് വേറെ കാര്യം. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ തൻ്റെ താല്‍പര്യം എന്താണെന്ന് ബിജെപി നേതൃത്വത്തെ അറിയിക്കും. തൻ്റെ മനസ് മനസിലാക്കുന്നവരാണ് അവർ. പത്തു പേർക്കെങ്കിലും തന്നെ അങ്ങനെ അറിയാം. അതുകൊണ്ട് കൂടുതലൊന്നും അറിയിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തില്‍ നിന്ന് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രതിനിധി ഉണ്ടായാല്‍ ബിജെപിക്ക് കേരളത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാൻ കഴിയും.അങ്ങനെ ജനാധിപത്യപരമായി തന്നെ ഒരു പ്രതിനിധിയെ കിട്ടിയാല്‍ കേന്ദ്ര പദ്ധതികളുടെയും മറ്റും ഗുണം സംസ്ഥാനത്തിന് കൂടുതലായി കിട്ടും. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്ന പാർട്ടിയുടെ വലിയ സ്വപ്നം തനിക്ക് മേല്‍ ഭാരമായി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ഈ പ്രതികരണം.

Back to top button
error: