ക്ഷേത്തിലെ ഉത്സവം ക്ഷണിക്കാന്‍ വെളിച്ചപ്പാടന്മാര്‍ ഉറഞ്ഞുതുള്ളി എത്തിയത് പള്ളിയങ്കണത്തില്‍. പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ അവരെ സ്നോഹോഷ്മളമായി സ്വീകരിച്ചു. മത സൗഹാര്‍ദത്തിന് വേദിയായി മാറിയത് കാസര്‍കോട് മഞ്ചേശ്വരത്തെ പള്ളിയും ക്ഷേത്രവും.
മഞ്ചേശ്വരം ഉദ്യാവര്‍ മാട അരസു മഞ്ചിഷ്ണാര്‍ ക്ഷേത്രത്തിലെ ഉത്സവം നാല് ദിവസങ്ങളിലായി നടക്കുകയാണ്. ഇത് ക്ഷണിക്കാനാണ് പള്ളിവാള്‍ ഇളക്കി മണി കിലുക്കി വെളിച്ചപ്പാടുകളും പരിവാരങ്ങളും ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളിയിലെത്തിയത്. പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെളിച്ചപ്പാടുകളേയും ഭക്തരേയും പരിവാരങ്ങളേയും ഉപചാരപൂര്‍വം വരവേറ്റു. ഉത്സവ ചടങ്ങ് ചിട്ടയോടെ ഭംഗിയായി നടത്താന്‍ വരണമെന്ന് തുളു ഭാഷയില്‍ വെളിച്ചപ്പാടുമാര്‍ പള്ളിക മിറ്റിയോട് അഭ്യര്‍ഥിച്ചതോടെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.
ഉത്സവത്തിന് കൊടിയേറണം എങ്കില്‍ പള്ളിയില്‍ പോയി ക്ഷണിക്കണമെന്നത് ഉത്സവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിര്‍ബന്ധ ആചാരമാണ്. ഉദ്യാവറിലെ ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധം ഏറെ പഴക്കമുള്ളതാണ്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വകയാണ് അരി, എണ്ണ, നെയ്യ് എന്നിവയെല്ലാം എത്തിക്കുന്നത്. അതുപോലെ തന്നെ ക്ഷേത്ര ഉത്സവത്തിന് സാധനങ്ങള്‍ ഒരുക്കുന്നതില്‍ പള്ളി കമ്മിറ്റിയും രംഗത്തുണ്ടാകും.
ഇതര വിശ്വാസികളുടെ അവകാശങ്ങളെ ധ്വംസിക്കുന്ന സമീപനം ചില പ്രദേശങ്ങളില്‍ കണ്ടുവരുമ്പോഴാണ് പരസ്പരം സാഹോദര്യത്തോടെയുള്ള ഒരു നാടിന്റെ ഉത്സവ- ഉറൂസ് ആഘോഷങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന് ഇവിടുത്തെ ജനങ്ങള്‍ കാട്ടിത്തരുന്നത്.
പള്ളികമിറ്റി പ്രസിഡണ്ട് സെഫുല്ല അല്‍ ബുഖാരി, സെക്രടറി എസ് എം ബഷീര്‍ കറോഡ, ക്ഷേത്രകമിറ്റി ചെയര്‍മാന്‍ കിരണ്‍ ഷെട്ടി മാട, ട്രസ്റ്റി സദാശിവ ഷെട്ടി, ഉത്സവ കമിറ്റി പ്രസിഡണ്ട് ഹരീഷ് ഷെട്ടി മാട, വൈസ് പ്രസിഡണ്ട് സഞ്ജീവ് ഷെട്ടി, സെക്രടറി അര്‍ഷിത് മാട എന്നിവരും ചടങ്ങിന് സാക്ഷികളായി.