KeralaNEWS

വെറുതെ സംഘര്‍ഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? തൃശ്ശൂര്‍പൂരം വിവാദത്തില്‍ പോലീസിനെതിരേ ഗോവിന്ദന്‍

കൊല്ലം: തൃശ്ശൂര്‍ പൂരം പോലീസ് കൈകാര്യംചെയ്ത രീതി ശരിയായില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആവശ്യമില്ലാത്ത സംഘര്‍ഷമുണ്ടാക്കേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ശരിയായ രീതിയില്‍ കൈകാര്യംചെയ്തുപോവുകയല്ലേ പോലീസ് ചെയ്യേണ്ടതെന്നും പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ ഫേസ് ടു ഫേസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും പ്രതിപക്ഷനേതാവ് അടക്കമുള്ള നേതാക്കള്‍ക്കെതിരേയും അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു. അശ്ലീല പ്രചാരണത്തിന് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പൂര്‍ണ്ണപിന്തുണ നല്‍കുന്നുണ്ടെന്ന് എം.വി. ഗോവിന്ദന്‍ ആരോപിച്ചു. കനുഗോലു സിദ്ധാന്തത്തിന്റെ ഭാഗമായി വന്ന എന്തോ വ്യതിചലനമാണിതെന്നാണ് തന്റെ തോന്നലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Signature-ad

‘സിപിഎമ്മിന് തിരഞ്ഞെടുപ്പ് ബോണ്ട് കിട്ടിയെന്ന് വി.ഡി. സതീശന്‍ പറയുന്നതിന് തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കട്ടെ. എന്തു തോന്നിവാസവും പറയാം, എന്ത് വിവരക്കേടും എഴുന്നെള്ളിക്കാം. എന്നിട്ട് വിവരക്കേട് എഴുന്നെള്ളിക്കുക. തെളിവുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവാ. പുറത്തുകൊണ്ടുവന്നാല്‍ വി.ഡി. സതീശന്‍ പറയുന്നകാര്യം ഞാന്‍ ചെയ്യാം’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുന്നയിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരേയും എം.വി. ഗോവിന്ദന്‍ വിമര്‍ശനമുന്നയിച്ചു. രേവന്ത് റെഡ്ഡി പഴയ എബിവിപിയാണ്. പല പാര്‍ട്ടിയില്‍ പോയി ക്ലച്ച് പിടിച്ചില്ല. അവസാനം കോണ്‍ഗ്രസില്‍ വന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കി. പാര്‍ട്ടി മാറിപ്പോവുന്നു എന്നത് ശരിയാണ്, സാമൂഹിക ജീവിതത്തിന്റെ രൂപത്തിലെ ജീര്‍ണത മാറുന്നില്ല. പഴയ എബിവിപിക്കാരന്‍ തന്നെയാണ്. പിണറായി വിജയന്‍ വര്‍ഗീയവാദിയാണെന്ന് പറയുന്നു. വര്‍ഗീയവാദിയുടെ അര്‍ഥമെന്താണെന്ന് അറിയില്ല അദ്ദേഹത്തിന്. അര്‍ഥം അറിയാത്തതുകൊണ്ടുതന്നെയാണ് ഇങ്ങനെ പ്രയോഗിക്കുന്നതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

Back to top button
error: