തൃശൂര്‍: രാത്രി പൂരത്തിനിടെ പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം പൂരംനിര്‍ത്തിവച്ചു. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേ പൊലീസ് ആളുകളെ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി സംഘാടകര്‍ മടങ്ങി. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കുകയായിരുന്നു.
രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി.
തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തി. വെടിക്കെട്ട് നടത്തുമെന്നും എന്നാല്‍ എപ്പോള്‍ നടത്താന്‍ കഴിയുമെന്ന് പറയാനാവില്ലെന്നും പുലര്‍ച്ചെ അഞ്ച് മണിയോടെ വാര്‍ത്താ സമ്മേളനത്തില്‍ തിരുവമ്പാടി വിഭാഗം അറിയിച്ചു.
ഇതിനിടെ പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് മന്ത്രി കെ. രാജന്‍ വീണ്ടും നടത്തിയ ചര്‍ച്ചയില്‍ പാറമേക്കാവിന്റെ വെടിക്കെട്ടിനു ശേഷം വെടിക്കെട്ട് നടത്താന്‍ തയാറാണെന്ന് തിരുവമ്പാടി വിഭാഗം അറിയിച്ചു.