CrimeNEWS

മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ചു കൊന്നു; ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയനൈരാശ്യം

ബംഗളൂരു: മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരു ജയനഗര്‍ ഏരിയയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ശാകംബരി നഗറില്‍ താമസിക്കുന്ന അനുഷ (24), ഗോരഗുണ്ടെപാളയ സ്വദേശി സുരേഷ് (44) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകക്കേസില്‍ അനുഷയുടെ അമ്മ ഗീതയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കൊല്ലപ്പെട്ട അനുഷയും സുരേഷും തമ്മില്‍ അഞ്ചുവര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കെയര്‍ടേക്കറായാണ് അനുഷ ജോലി ചെയ്തിരുന്നത്. സുരേഷ് ഇവന്റ് മാനേജ്മെന്റ് കമ്പനിയിലുമായിരുന്നു ജോലി നോക്കിയിരുന്നത്. എന്നാല്‍, അനുഷ ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്ന ദിവസം ഇരുവരും തമ്മില്‍ തൊട്ടടുത്ത പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു. താനൊരാളെ കാണാന്‍ പോകുകയാണെന്നും അഞ്ചുമിനിറ്റ് കഴിഞ്ഞ് വരാമെന്നും അനുഷ അമ്മയോട് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

Signature-ad

ഇവിടെ വെച്ച് രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സുരേഷ് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. മകളെ തിരഞ്ഞ് പാര്‍ക്കിലെത്തിയ അമ്മ കണ്ടത് കുത്തേറ്റ് പിടയുന്ന അനുഷയെ ആയിരുന്നു. രക്ഷിക്കാന്‍ ഓടിയെത്തിയ അനുഷയുടെ അമ്മ സുരേഷിന്റെ തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയും അയാള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. നെഞ്ചിലും കഴുത്തിലും ഗുരുതമായി പരിക്കേറ്റ അനുഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അനുഷയുടെ അമ്മയെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: