ന്യൂഡല്‍ഹി: കഴിഞ്ഞമാസം ഝാര്‍ഖണ്ഡിലെ ധുംക ജില്ലയില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി ദുരനുഭവം വിവരിച്ച് യൂട്യൂബില്‍ ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോ പ്രസിദ്ധീകരിച്ചു. ധുംകയിലെ കുറുംഹട്ടിലായിരുന്നു സംഭവം.
2 മോട്ടര്‍ സൈക്കിളുകളില്‍ ഭര്‍ത്താവിനൊപ്പമാണ് യുവതി ബംഗ്ലദേശില്‍ നിന്നു റാഞ്ചിയിലെത്തിയത്. ഇതിനു മുന്‍പ് 6 മാസം ഇന്ത്യയില്‍ സഞ്ചരിച്ചിരുന്നു. 6 വര്‍ഷമായി ലോകം ചുറ്റുന്ന ദമ്പതികള്‍ 67 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ധുംകയില്‍ താമസത്തിന് ടെന്റടിക്കാന്‍ ഒഴിഞ്ഞ സ്ഥലം അന്വേഷിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഡിയോയുടെ തുടക്കം. ഭര്‍ത്താവിനൊപ്പം ടെന്റില്‍ ഉറങ്ങുമ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. ഏഴംഗ സംഘം ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.
അക്രമികളിലൊരാളുടെ ദൃശ്യം വീഡിയോയിലുണ്ടെന്ന് യുവതി പറഞ്ഞു. ഇന്ത്യയിലേക്ക് പോകരുത് എന്നല്ല വീഡിയോ ചെയ്തതിന്റെ അര്‍ഥമെന്ന് യുവതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ലോകത്തെവിടെയും സംഭവിക്കാം. മോട്ടര്‍ സൈക്കിള്‍ ട്രിപ്പുകള്‍ തുടരുമെന്നും അറിയിച്ചു.