IndiaNEWS

മോദിയെ വിമർശിച്ച് നിർമ്മലാ സീതാരാമന്റെ ഭർത്താവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഭർത്താവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. പരകാല പ്രഭാകർ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഭാരതീയ ജനതാ പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ഭരണഘടന മാറുമെന്നും പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ലഡാക്ക് – മണിപ്പൂർ പോലെയുള്ള ഒരു സാഹചര്യം രാജ്യത്ത് ഉടനീളം ഉടലെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2024ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ഇന്ത്യയിൽ ഇനി ഒരിക്കലും മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പ്രഭാകർ പറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് മോദി തന്നെ വിദ്വേഷ പ്രസംഗം നടത്തുമെന്നും അത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ദോഷകരമാകുമെന്നും പ്രഭാകർ വിമർശിച്ചു.
ഭരണനിര്‍വഹണത്തില്‍ മോദിയ്ക്ക് കാര്യക്ഷമതയില്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും മോദി വിദഗ്ധനാണെന്നും പ്രഭാകര്‍ നേരത്തെയും പറഞ്ഞിരുന്നു. മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ്’ എന്ന പുസ്തകവും പ്രഭാകര്‍ എഴുതിയിട്ടുണ്ട്.

Back to top button
error: