KeralaNEWS

ബിജെപിയെ പിന്തുണയ്ക്കുമെന്ന് എക്യൂമെനിക്കല്‍ കാത്തലിക് ചർച്ച്‌ ഓഫ് ക്രൈസ്റ്റ് സഭ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയേയും എൻഡിഎ സർക്കാരിനേയും പിന്തുണയ്‌ക്കണമെന്ന ആഹ്വാനവുമായി എക്യൂമെനിക്കല്‍ കാത്തലിക് ചർച്ച്‌ ഓഫ് ക്രൈസ്റ്റ് സഭ.

കേരളത്തില്‍ നിന്നടക്കമുള്ള നഴ്സുമാരെ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ തടവിലാക്കപ്പെട്ടപ്പോള്‍ കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് സഭയുടെ മെട്രോപൊളിറ്റൻ ആർച്ച്‌ ബിഷപ്പ് ഡോ. സണ്ണി ആലപ്പാട്ട് ഓർമിപ്പിച്ചു. ക്രൈസ്തവമത പുരോഹിതരുടെ അടക്കം വിഷയങ്ങളില്‍ കേന്ദ്രസർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. യുവതയുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമടക്കം മോദി സർക്കാർ കാഴ്ചവച്ച പ്രവർത്തനങ്ങള്‍ പ്രശംസനീയമാണ്. ലോകം ഭാരതത്തിന്റെ വളർച്ചയെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും എക്യൂമെനിക്കല്‍ കാത്തലിക് ചർച്ച്‌ ഓഫ് ക്രൈസ്റ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

Signature-ad

കേരളത്തില്‍ നിന്നുള്ള 46 നഴ്സുമാരെ ഇറാഖില്‍ ഐസിസ് ബന്ദികളാക്കിയപ്പോള്‍ ബിജെപി സർക്കാർ എങ്ങനെ പ്രവർത്തിച്ചുവെന്ന് നിങ്ങള്‍ക്കറിയാമോ ? അഫ്ഗാനി സ്ഥാനില്‍ സമാധാനവും ദൈവത്തിന്റെ സന്ദേശവും പ്രസംഗിച്ചിരുന്ന ഫാദർ അലക്സിസ് പ്രേംകുമാറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. 18 മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപി സർക്കാരിന് കഴിഞ്ഞു. അഫ്ഗാനിലെ പള്ളിയില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിനി ജൂഡിത്ത് ഡിസൂസയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ഏകദേശം ഒരുമാസത്തിനുള്ളില്‍ ബിജെപി സർക്കാർ അവരെ തിരികെ കൊണ്ടുവന്നു. കേരളത്തിലെ കോട്ടയത്ത് നിന്നുള്ള പുരോഹിതനായ ഫാദർ ടോം ഉഴുന്നലിനെ ഐഎസില്‍ നിന്ന് രക്ഷപ്പെടുത്തി.

ക്രിസ്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നുവെന്ന് മോദിജി ക്രിസ്തുമസ് സന്ദേശം നല്‍കിയത് ക്രൈസ്തവർക്ക് ഏറെ അഭിമാനം നല്‍കിയ കാര്യമാണ്. സ്വാതന്ത്ര്യ സമരത്തിന് ക്രിസ്തീയ സമൂഹം നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. മണിപ്പൂരിലേത് ഹിന്ദു-ക്രിസ്ത്യൻ സംഘർഷമല്ല. ഗോത്ര കലാപമാണെന്ന് വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തതാണ്. ഇക്കാര്യം റോമൻ കത്തോലിക്ക കർദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മാദ്ധ്യമങ്ങളിലൂടെ പറഞ്ഞിട്ടുമുണ്ട്. മണിപ്പൂരിലെ കലാപത്തിന് മതത്തിന്റെ നിറം നല്‍കുന്നത് ചില തത്പരകക്ഷികള്‍ ബിജെപി സർക്കാരിനെതിരെ പ്രവർത്തിക്കുന്നതിനാലാണ്. ക്രിസ്ത്യൻ സമൂഹം എല്ലായ്പ്പോഴും രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ വികസനത്തിനും ഐക്യത്തിനും പുരോഗതിക്കും വേണ്ടി തുടർന്നും പിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കുന്നു. “- ബിഷപ്പ് ഡോ. സണ്ണി ആലപ്പാട്ട് പറഞ്ഞു.

Back to top button
error: