KeralaNEWS

മാസപ്പടി കേസില്‍ പിടിമുറുക്കി ഇ.ഡി; CMRL ഉദ്യോഗസ്ഥരെ ചോദ്യംചെയ്തത് 24 മണിക്കൂര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചി സി.എം.ആര്‍.എല്‍. ഓഫീസിലെ ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യല്‍ 24 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സി.എം.ആര്‍.എല്‍. ഉദ്യോഗസ്ഥര്‍ ഇ.ഡി. ഓഫീസില്‍നിന്ന് മടങ്ങി.

സി.എം.ആര്‍.എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെയാണ് ഇ.ഡി. ചോദ്യംചെയ്തത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടുകൂടി ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടരുകയായിരുന്നു.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാത്രിയോടെ ഇവരെ വിട്ടയക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. രാത്രി വൈകിയും പുലര്‍ച്ചെയും ചോദ്യം ചെയ്യല്‍ നീണ്ടു. അതേസമയം, സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തിങ്കളാഴ്ച എത്തിയിരുന്നില്ല. ചൊവ്വാഴ്ച ഇ-മെയില്‍ മുഖാന്തിരം ഹാജരാകാന്‍ ഇ.ഡി. നിര്‍ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആര്‍എല്‍ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ. ഡി.

ഇ.ഡി. നോട്ടീസിനെതിരേ സി.എം.ആര്‍.എല്‍. എം.ഡി.യും ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി തയ്യാറായില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹജാരായത്.

സി.എം.ആര്‍.എലും എക്‌സാലോജിക് സൊലൂഷന്‍സുമായിനടന്ന സാമ്പത്തിക ഇടപാടുകളുടെ ലെഡ്ജര്‍ അക്കൗണ്ട് രേഖകള്‍, ഇന്‍വോയിസുകള്‍, അനുബന്ധരേഖകള്‍ എന്നിവയടക്കമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ഒരോരുത്തരില്‍നിന്നും വെവ്വേറെയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സാമ്പത്തിക ഇടപാടുകള്‍ ആരുടെയൊക്കെ നിര്‍ദേശപ്രകാരമായിരുന്നു, എത്ര തുക കൈമാറി, എന്തായിരുന്നു സേവനം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അന്വേഷണസംഘം തേടിയത്.

 

Back to top button
error: