KeralaNEWS

റഹീമിന്റെ മോചനത്തിന് പണം കണ്ടെത്തിയിട്ടും കൈവിടാതെ ബോബി ചെമ്മണ്ണൂര്‍; ഉപജീവനത്തിനുള്ള സഹായവും പ്രഖ്യാപിച്ചു

കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍.

മലയാളികള്‍ ഒന്നടങ്കം കൈകോര്‍ക്കുമെന്ന് ഉറപ്പായിരുന്നു. മലയാളികള്‍ ദൗത്യം ഏറ്റെടുത്ത് ആ വിശ്വാസം തെളിയിച്ചു. അബ്ദുള്‍ റഹീമിനെ ജീവനോടെ നാട്ടിലെത്തിച്ച ശേഷം ഉമ്മയുടെ അടുത്തേക്ക് പോകും. അബ്ദുല്‍ റഹീമിനു വേണ്ടി നേരത്തെ പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരും. ആ പണം റഹീമിന്റെ പുനരധിവാസത്തിനായി ചെലവഴിക്കും. അബ്ദുള്‍ റഹീം തിരിച്ചെത്തിയാല്‍ ഉപജീവനത്തിന് വേണ്ടി ബോച്ചേ ടീ പൗഡർ ഹോള്‍സെയില്‍ ഷോപ്പ് വെച്ച്‌ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ദയാധനത്തിലേക്ക് ആദ്യം ഒരു കോടി രൂപ നല്‍കിയത് ബോബി ചെമ്മണ്ണൂരായിരുന്നു. ദയാധനം കണ്ടെത്താൻ ലക്കി ഡ്രോയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

റിയാദില്‍ തടവിലുള്ള അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്ബ് 34.45 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ കൈകോർത്താണ് തുക കണ്ടെത്തിയത്. 18 വർഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും. 2006 ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരൻ മരിച്ചത്.

Back to top button
error: