NEWSWorld

ഇസ്രായേല്‍ കപ്പല്‍ ഇറാൻ പിടിച്ചെടുത്തു; മലയാളികളുൾപ്പടെ ബന്ദികള്‍ 

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ കൈവിടുന്നു. ഇസ്രായേല്‍  ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തു.ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്.

 കപ്പലില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം.ഇസ്രായേലി കോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ കമ്ബനിയുടേതാണ് കപ്പല്‍. ഫുജൈറ തുറമുഖത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചതെന്നും വാര്‍ത്തകളുണ്ട്. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിച്ചുവെന്നാണ് വിവരം.

സിറിയയിലെ ഇറാന്റെ എംബസി ഇസ്രായേല്‍ ആക്രമിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇറാന്റെ രണ്ട് സൈനിക കമാന്റര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.കപ്പലിലെ ജീവനക്കാരാണ് മലയാളികള്‍. ഇവര്‍ക്ക് പുറമെ മറ്റു ജീവനക്കാരും കപ്പലിലുണ്ട്. പാലക്കാട് സ്വദേശിയാണ് ഒരു മലയാളി. പിടികൂടുന്നതിന് മുമ്ബ് ഇവര്‍ ബന്ധുക്കളുമായി സംസാരിച്ചിരുന്നു.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ സൈന്യത്തിന് ഉപരോധിക്കാന്‍ സാധിക്കുന്ന പ്രദേശമാണ്. ലോകത്തെ കടല്‍ ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ് കടലിടുക്ക്. ഈ പാത തടഞ്ഞാല്‍ ലോകത്തെ ചരക്കു ഗതാഗതം സ്തംഭിക്കും. നേരത്തെ ചെങ്കടല്‍ പാത യമനിലെ ഹൂതികള്‍ ഉപരോധിച്ചിരുന്നു. ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ഇവര്‍ ആക്രമിച്ചതോടെ ഇസ്രായേല്‍ വെട്ടിലായിരുന്നു.

അതേസമയം കപ്പല്‍ പിടിച്ചെടുത്തതില്‍ ഇറാൻ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് വ്യക്തമാക്കി.മേഖലയില്‍ സംഘർഷം മൂർച്ഛിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. കിഴക്കൻ മെഡിറ്റേറിയൻ കടലില്‍ രണ്ട് യു.എസ് നേവി ഡിസ്‌ട്രോയറുകളെയാണ് വിന്യസിച്ചത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങള്‍ ഈ യുദ്ധക്കപ്പലുകളിലുണ്ട്.

കഴിഞ്ഞ മാസങ്ങളിലെല്ലാം സിറിയയിലുടനീളമുള്ള ഇറാനിയൻ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ഈ ആക്രമണങ്ങള്‍ തീർച്ചയായും തിരിച്ചടി നല്‍കുമെന്ന് ഇറാനും ലെബനനിലെ പ്രധാന സഖ്യകക്ഷിയായ ഹിസ്ബുള്ളയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ, ഫ്രാൻസ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരൻമാരോട് ഇസ്രായേലിലേക്കും ഇറാനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Back to top button
error: