തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ മാസപ്പടി ഹര്‍ജിയില്‍ വിജിലന്‍സ് കോടതി ഈ മാസം 19ന് വിധിപറയും. കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി പിന്നീട് പരിഗണിക്കും. വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ മാത്യു നിലപാടു മാറ്റിയിരുന്നു.
ഇതോടെ, കോടതി വേണോ വിജിലന്‍സ് വേണോയെന്നു ഹര്‍ജിക്കാരന്‍ ആദ്യം തീരുമാനിക്കണമെന്നു കോടതി നിര്‍ദേശിച്ചു. കോടതി മതിയെന്നു മാത്യുവിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണു 12 ലേക്കു കേസ് മാറ്റിയത്.
സിഎംആര്‍എലിനു മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണു മകള്‍ വീണാ വിജയനു സിഎംആര്‍എലില്‍ നിന്നു മാസപ്പടി ലഭിക്കാന്‍ കാരണമെന്നാണു ഹര്‍ജിയിലെ മാത്യു കുഴല്‍നാടന്റെ ആരോപണം. വിജിലന്‍സിനെ സമീപിച്ചെങ്കിലും അന്വേഷിക്കാന്‍ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതില്‍ വിധി പറയാനിരിക്കെയാണു മാത്യു നിലപാടു മാറ്റിയത്. തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനു സിഎംആര്‍എല്‍ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീടു മുഖ്യമന്ത്രി നേരിട്ടിടപെട്ടു റവന്യു വകുപ്പിനോട് എസ്.ശശിധരന്‍ കര്‍ത്തായുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ ആവശ്യപ്പെട്ടെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. അതിനു ശേഷമാണു മകള്‍ വീണാ വിജയനു മാസപ്പടി ലഭിച്ചതെന്നുമാണു മാത്യുവിന്റെ ആരോപണം.