LIFELife Style

ഉപ്പും മുളകും അവസാനിച്ചു? മൂന്നാം ഭാഗത്തിലെ താരങ്ങള്‍ ഞങ്ങളല്ല, അറിയിപ്പ് ലഭിച്ചില്ലെന്ന് ബാലുവും നീലുവും

സീരിയലുകള്‍ മാത്രം കണ്ടിരുന്ന ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വിപ്ലവകരമായി മാറിയ പരമ്പരയാണ് ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരമ്പര 2015 ലാണ് ആരംഭിക്കുന്നത്. അന്ന് മുതലിങ്ങോട്ട് ജനപ്രീതിയില്‍ ഒന്നാം സ്ഥാനം തന്നെ ലഭിക്കുകയും ചെയ്തു. ഇടയ്ക്ക് ഷോ നിര്‍ത്തിയെങ്കിലും രണ്ടാം ഭാഗമായി എത്തിയിരുന്നു.

വീണ്ടും ഉപ്പും മുളകും നിര്‍ത്തി വെച്ചിരിക്കുകയാണ്. വൈകാതെ മൂന്നാമതും ഷോ പ്രേക്ഷകരിലേക്ക് എത്തിയേക്കുമെന്ന വിവരമാണ് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ മൂന്നാം ഭാഗത്തില്‍ പഴയ താരങ്ങളുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. തങ്ങള്‍ക്ക് ഇതുവരെ അങ്ങനൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഉപ്പും മുളകിലെയും നായകനായി അഭിനയിക്കുന്ന ബിജു സോപാനവും നടി നിഷ സാരംഗും പറയുന്നത്.

ഉപ്പും മുളകും ത്രീ വരുന്നുണ്ട്. തത്കാലം ബ്രേക്ക് എടുക്കുന്നു എന്ന് പറഞ്ഞിട്ടാണ് അത് നിര്‍ത്തിയത്. മൂന്നാം ഭാഗം എപ്പോള്‍ തുടങ്ങുമെന്ന് ആര്‍ട്ടിസ്റ്റായ ഞങ്ങളോട് പറഞ്ഞിട്ടില്ല. സാധാരണ പറയാറുണ്ടെങ്കിലും ഇത്തവണ ഒന്നും പറഞ്ഞില്ല. സീസണ്‍ ത്രീ തുടങ്ങുമെന്നാണ് അറിഞ്ഞത്. ഉപ്പും മുളകുമെന്ന പ്രൊഡക്ട് ഫ്ളവേഴ്സിന്റേതാണ്. വേറെ ആരെ വെച്ചിട്ടാണെങ്കിലും ഉപ്പും മുളകും ചെയ്യാം.

സീസണ്‍ ത്രീ അങ്ങനെ തുടങ്ങാനായിരിക്കും പ്ലാന്‍. അതോണ്ടാവും ഞങ്ങളെ അറിയിക്കാത്തത്. ഇനി അറിയിച്ചാല്‍ തീര്‍ച്ചയായിട്ടും പോകുമെന്നാണ് സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ബിജുവും നിഷയും വ്യക്തമാക്കിയത്. .

ഞങ്ങള്‍ വേറെ ഏതെങ്കിലും പ്രൊജക്ട് ചെയ്യാന്‍ പോയാല്‍ ഒത്തിരി കമന്റുകള്‍ വരാറുണ്ട്. നിങ്ങളെന്തിനാണ് വേറെയുള്ളതിലേക്ക് പോകുന്നത്. അതൊക്കെ ഉപ്പും മുളകിന്റെയും അത്രയും വരുമോ? നിങ്ങളെ ഞങ്ങള്‍ക്ക് ഉപ്പും മുളകിലും കാണാനാണ് താല്‍പര്യം. വേറെ എന്ത് ചെയ്താലും ഉപ്പും മുളകിലും ഉറപ്പായിട്ടും ഉണ്ടാകണം എന്നൊക്കെയാണ് ഞങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ പറയാറുള്ളത്.

അത്തരത്തിലുള്ള പ്രേക്ഷകരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഉപ്പും മുളകും ഞങ്ങളുടേതല്ല. അത് ചാനലിന്റെ പ്രൊഡക്ടാണ്. ഏതൊക്കെ ആര്‍ട്ടിസ്റ്റിനെ വെച്ച് മുന്നോട്ട് പോകണമെന്ന് അവരാണ് തീരുമാനിക്കുന്നത്. നിലവില്‍ ഞങ്ങള്‍ക്ക് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. വൈകാതെ ഷോ വരുമെന്ന് പ്രേക്ഷകരോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അതില്‍ ഞങ്ങളുണ്ടാവുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ബിജു സോപാനവും നിഷ സാരംഗും പറയുന്നത്.

ആരുടെയും ബ്രില്യന്‍സോ കഥ നേരത്തെ തയ്യാറാക്കിയത് കൊണ്ടോ ഒന്നും മുന്നോട്ട് പോയതല്ല. അപ്പോള്‍ തോന്നുന്ന സന്ദര്‍ഭങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ കൂടി ചേര്‍ന്നാണ് എഴുതി കഥയായി ചെയ്തിരുന്നത്. ഉപ്പും മുളകും ഇത്രയും വിജയമായതിന് സ്‌ക്രീപ്റ്റ് റൈറ്ററുടെയും സംവിധായകന്റെയും പിന്തുണ വലുതാണ്. ഇതിന്റെ നട്ടെല്ലെന്ന് പറയുന്നത് സ്‌ക്രീപ്റ്റ് റൈറ്റര്‍ തന്നെയാണ്.

മാത്രമല്ല ഇതിത്രയും നീണ്ട് പോകുമെന്ന് ആരും കരുതിയിരുന്നില്ല. സീരിയലും സിനിമയുമൊക്കെ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇങ്ങനൊരു മാജീക്ക് സീരിയലിലോ സിനിമയിലോ കാണിക്കാനും സാധിക്കില്ല. കാരണം സ്പോട്ടില്‍ നിന്നും കഥയിലെ പ്രധാന സംഭവങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞ് ചെയ്യാറുണ്ടെന്നും ബിജു പറയുന്നു.

 

Back to top button
error: