ലോസ് ആഞ്ചലസ്: സൂര്യഗ്രഹണം ഭയന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നും കുട്ടികളെ ഓടുന്ന കാറില്‍ നിന്നെറിഞ്ഞും യുവതി. ലോസ് ആഞ്ചലസിലാണ് സംഭവം. 34കാരിയും സമൂഹമാധ്യമങ്ങളില്‍ ജ്യോതിഷവിഷയങ്ങള്‍ ചെയ്യുന്ന ഇന്‍ഫ്ലുവെന്‍സറുമായ, ഡാനിയേല്‍ ചെര്‍ക്കിയാഹ് ജോണ്‍സണ്‍ ആണ് ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയും കുഞ്ഞുങ്ങളെ കാറില്‍ നിന്നെറിയുകയും ചെയ്തത്. രണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങുകയും ഒരാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ എറിഞ്ഞതിന് പിന്നാലെ യുവതി 160 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ മരത്തിലിടിപ്പിച്ച് ജീവനൊടുക്കാനും ശ്രമിച്ചു.
സൂര്യഗ്രഹണത്തെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ ‘ആത്മീയ യുദ്ധം’ എന്നായിരുന്നു ഡാനിയേല്‍ കുറിച്ചിരുന്നത്. ഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണമാണെന്ന് ഇവര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. ഗ്രഹണത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇവര്‍ ആക്രമണപരമ്പര അഴിച്ചുവിട്ടത്.
പങ്കാളിയായ ജേലന്‍ അലന്‍ ചേനിയുമായി സംഭവത്തിന് മുമ്പ് ഡാനിയേല്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ ഇവര്‍ എട്ടുമാസമുള്ള കുഞ്ഞിനെയും ഒമ്പതുവയസുള്ള കുട്ടിയേയും കൂട്ടി കാറില്‍ ദേശീയപാത 405ലേക്ക് കടക്കുകയായിരുന്നു. അതിവേഗത്തില്‍ ദേശീയപാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ഇവര്‍ കുട്ടികളെ കാറില്‍ നിന്നു പുറത്തേക്കെറിഞ്ഞത്.
ഏപ്രില്‍ നാലിന് തന്റെ എക്സില്‍ ‘ലോകം മാറുകയാണ് ശരിയായ ചേരി തിരഞ്ഞെടുക്കണമെന്ന്” ഡാനിയേല്‍ കുറിച്ചിരുന്നു. തൊട്ടടുത്ത ദിവസം ലോകാവസാനമടുത്തുവെന്നും അവര്‍ കുറിച്ചു.
തന്റെ അക്കൗണ്ടിലൂടെ ജ്യോതിഷത്തിന് പുറമെ കോണ്‍സ്പിറസി തിയറികളും ഡാനിയേല്‍ പ്രചരിപ്പിച്ചിരുന്നു. കൊവിഡ് സമയത്ത് വാക്സീനുകള്‍ക്കെതിരെ ഇവര്‍ സംസാരിച്ചിരുന്നു. ഇത് കൂടാതെ ഓറ ക്ലിയറന്‍സ്, മദ്യപാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇവര്‍ കോണ്‍സ്പിറസികള്‍ പ്രചരിപ്പിച്ചിരുന്നു.