ഇടുക്കി: വഴിത്തർക്കത്തിന്റെ പേരില്‍ അയല്‍വാസിയായ സ്ത്രീയുമായി മല്‍പ്പിടിത്തം നടത്തുന്നതിനിടെ താഴെവീണു വൃദ്ധൻ മരിച്ചു.
ഇടുക്കി മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയില്‍ സുരേന്ദ്രൻ എന്ന എഴുപത്തേഴുകാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ദേവകി എന്ന സ്ത്രീ പൊലീസിന്റെ കസ്റ്റഡിയിലാണ്.
സുരേന്ദ്രന്റെ അയൽവാസിയായ മുള്ളരിങ്ങാട് ദേവകിയുടെ വീടിനു മുന്നിലൂടെയുള്ള വഴിയിലൂടെ സുരേന്ദ്രൻ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് നാളായി തർക്കമുണ്ടായിരുന്നു. പലതവണ ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി വഴക്ക് ഉണ്ടായിട്ടുണ്ട് .ഇന്നലെ രാവിലെ 11 മണിയോടെ പുറത്തുപോയ ശേഷം ഓട്ടോറിക്ഷയിലാണ് സുരേന്ദ്രൻ ഇതുവഴിയെത്തിയത്. വീടിനടുത്ത് എത്താറായപ്പോള്‍ ദേവകി വണ്ടി തടഞ്ഞ് നിർത്തി. വണ്ടിയില്‍ നിന്നിറങ്ങിയ സുരേന്ദ്രനുമായി ദേവകി വാക്കുതർക്കവും പിന്നീട് മൽപ്പിടുത്തം നടത്തി.ഇതിനിടെ സുരേന്ദ്രൻ താഴെ വീഴുകയായിരുന്നു.