SportsTRENDING

അവസാന പന്തില്‍ രാജസ്ഥാന്‍ വീണു; ഗുജറാത്തിന് നാടകീയ ജയം

ജയ്പൂർ: ഒടുവിൽ സഞ്ജുവിന്റെ രാജസ്ഥാനും വീണു.ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ അവസാന പന്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയം.

രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തി197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ്, അവസാന പന്തിൽ രണ്ടു റൺസ് വേണമെന്നിരിക്കെ ബൗണ്ടറിയിലൂടെ വിജയത്തിലെത്തുകയായിരുന്നു.

അവസാന നാലോവറില്‍ രാഹുല്‍ തെവാട്ടിയയും(11 പന്തില്‍ 22), റാഷിദ് ഖാനും(11 പന്തില്‍ 24*) നടത്തിയ വീരോചിത പോരാട്ടമാണ് ഗുജറാത്തിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.

15 റണ്‍സായിരുന്നു ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചെറിഞ്ഞതിനാല്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് അവസാന ഓവറില്‍ ബൗണ്ടറിയില്‍ ഫീല്‍ഡിംഗിന് നിര്‍ത്താനായുള്ളു.ഇരുവരും ഇത് മുതലെടുക്കുകയും ചെയ്തു.

 

ആവേശ് ഖാന്‍റെ ആദ്യ പന്ത് തന്നെ റാഷിദ് ഖാന്‍ ബൗണ്ടറി കടത്തി. രണ്ടാം പന്തില്‍ രണ്ട് റണ്‍സ്. മൂന്നാം പന്തില്‍ വീണ്ടും ബൗണ്ടറി. നാലാം പന്തില്‍ സിംഗിള്‍, അഞ്ചാം പന്തില്‍ മൂന്നാം റണ്‍ ഓടുന്നതിനിടെ തെവാട്ടിയ റണ്ണൗട്ടായി. ഇതോടെ അവസാന പന്തില്‍ ഗുജറാത്തിന് ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നായി. ആവേശ് ഖാന്‍റെ അവസാന പന്ത് ബൗണ്ടറി കടത്തിയ റാഷിദ് ഖാന്‍ ഗുജറാത്തിന് സീസണിലെ മൂന്നാം ജയം സമ്മാനിച്ചു. സീസണില്‍ രാജസ്ഥാന്‍റെ ആദ്യ തോല്‍വിയാണിത്. തോറ്റെങ്കിലും രാജസ്ഥാന്‍ തന്നെയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. മൂന്നാം ജയത്തോടെ ഗുജറാത്ത് പോയന്‍റ് പട്ടികയില്‍ ആറ് പോയന്‍റുമായി ആറാം സ്ഥാനത്തേക്ക് കയറി.

 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 48 പന്തില്‍ 76 റണ്‍സെടുത്ത റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ ടോപ് സ്കോററായപ്പോള്‍ മൂന്നാമനായി ഇറങ്ങി 38 പന്തില്‍ 68 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു.

Back to top button
error: