ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഏകദേശം 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഡിസ്റ്റിലറി കമ്പനിയിൽ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കുംഹാരി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കേഡിയ റോഡിൽ വെച്ചായിരുന്നു അപകടമുണ്ടായത്.
ബസ്സപകടത്തില്‍ 12 പേർ മരിച്ചതായി ദുർഗ് ജില്ലാ കളക്ടർ റിച്ചാ പ്രകാശ് ചൗധരിയും സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 12 പേർ റായ്പുർ എയിംസിലേക്കും മറ്റ് രണ്ട് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ 12 പേർക്ക് ജീവൻ നഷ്ടമായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അനുശോചനം രേഖപ്പടുത്തി. ‘ദുർഗിലുണ്ടായ അപകടം ഏറെ ദുഃഖകരമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനാവട്ടെ. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടം ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തും’ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ദുർഗിലെ അപകടത്തിൽ നിരവധി പേർ മരിച്ചെന്ന വാർത്ത ഏറെ ദുഃഖകരമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും എക്സിൽ കുറിച്ചു.