MovieNEWS

”റഹ്‌മാന്‍ എന്നെ അടിക്കരുതെന്ന് സുരേഷ് ഗോപി വാശിപിടിച്ചു; അപമാനിതനായ റഹ്‌മാന്‍ മുറിയിലെത്തി പൊട്ടിക്കരഞ്ഞു”

വിജി തമ്പിയുടെ സംവിധാന മികവില്‍ 1989ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ‘കാലാള്‍പ്പട’. ജയറാം, സുരേഷ് ഗോപി, റഹ്‌മാന്‍, രതീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്തായിരുന്നു. ചിത്രം തീയേറ്ററില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വിജി തമ്പി. സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് വിജി തമ്പി മനസുതുറന്നത്.

‘കാലാള്‍പ്പട’ ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ പ്രതിസന്ധിയെ കുറിച്ചും ഒരു ഫൈറ്റ് സീനിനിടെ സുരേഷ് ഗോപിയും റഹ്‌മാനും തമ്മിലുണ്ടായ ഒരു പ്രശ്‌നത്തെ കുറിച്ചും വിജി തമ്പി തുറന്നുപറയുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഘട്ടത്തില്‍ കോഴിക്കോട് വച്ചായിരുന്നു സുരേഷ് ഗോപിയും റഹ്‌മാനും തമ്മിലുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്തത്. റഹ്‌മാന്‍ സുരേഷ് ഗോപിയെ അടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഇത് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി വാശിപിടിച്ചെന്നാണ് വിജി തമ്പി പറയുന്നത്.

Signature-ad

വിജി തമ്പിയുടെ വാക്കുകളിലേക്ക്…
രാത്രി നടക്കുന്ന ഒരു ഫൈറ്റ് സീനാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. സുരേഷ് ഗോപി ഈ സിനിമയില്‍ വില്ലനായിരുന്നു. മെയിന്‍ വില്ലനല്ല, സെക്കന്‍ഡ് വില്ലന്‍. അന്ന് സുരേഷ് വില്ലന്‍ കഥാപാത്രങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ഈ ചിത്രത്തിനിടെയാണ് സുരേഷ് ഗോപി ‘വടക്കന്‍ വീരഗാഥ’യിലെ ആരോമല്‍ ചേകവറിന്റെ വേഷം ചെയ്തത്. എന്റെ ‘ന്യൂഇയര്‍’ എന്ന മറ്റൊരു സിനിമയില്‍ നായക പ്രധാന്യമുള്ള വേഷം ചെയ്തു. ആ സമയത്ത് സുരേഷ് ഗോപി വില്ലന്‍ മാറി ഹീറോയായി കഴിഞ്ഞു.

കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപത്തെ റോഡിലാണ് ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്നത്. അന്ന് സുരേഷ് ഗോപി എന്നോട് പറയാതെ രഞ്ജിത്തിനെ വിളിച്ച് ഒരു കാര്യം പറഞ്ഞു. രഞ്ജീ..റഹ്‌മാന്റെ കയ്യില്‍ നിന്ന് അടിവാങ്ങാന്‍ എനിക്ക് പറ്റില്ല. റഹ്‌മാന്‍ എന്നെ തല്ലുന്ന ഷോട്ട് വയ്ക്കരുത്’. സുരേഷ് ഗോപിയുടെ തനത് സ്‌റ്റൈലിലായിരുന്നു അക്കാര്യം പറഞ്ഞത്. ഇത് കേട്ടയുടനെ രഞ്ജിത്തിന് ആകെ ഷോക്കായി. സുരേഷിന് നിസാര കാര്യങ്ങള്‍ മതി പിണങ്ങാന്‍. വളരെ വികാര ജീവിയാണ് അദ്ദേഹം.

ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജന്‍ മാഷായിരുന്നു. മാഷോട് ഞാന്‍ കാര്യം പറഞ്ഞു. ഇക്കാര്യം റഹ്‌മാന്‍ അറിഞ്ഞാല്‍ വലിയ പ്രശ്‌നമാകും. ജയറാമും സുരേഷ് ഗോപിയുമായി ഫൈറ്റ് വയ്ക്കുക. മറ്റ് ഗുണ്ടകളെ റഹ്‌മാനും സിദ്ദിഖുമൊക്കെ അടിക്കട്ടെ എന്ന് പറഞ്ഞു. മാഷ് രക്ഷിച്ചില്ലെങ്കില്‍ പടം നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. അവസാനം മാഷ് ഇതൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തു.

പക്ഷേ, റഹ്‌മാന്‍ ബുദ്ധിമാനാണ്. അയാള്‍ക്ക് കാര്യം മനസിലായി. അദ്ദേഹം എക്‌സ്ട്രാ ജെന്റില്‍മാനാണ്. അയാള്‍ ഷൂട്ടിംഗ് കംപ്ലീറ്റ് തീര്‍ത്തു. പിറ്റേ ദിവസത്തെ ഉച്ചയ്ക്കേത്തെ ഫ്ളൈറ്റില്‍ മദ്രാസിലേക്ക് പോകുകയാണ്. അന്ന് ഞങ്ങള്‍ മഹാറാണി ഹോട്ടലിലായിരുന്നു താമസിച്ചത്. രാവിലെ ഒരു പത്ത് മണിയായപ്പോള്‍ റഹ്‌മാന്‍ എന്റെ മുറിയിലേക്ക് വന്നു. എന്നോട് കുറച്ച് നേരം സംസാരിച്ച റഹ്‌മാന്‍, എന്റെ കട്ടിലിലില്‍ ഇരുന്ന് പൊട്ടിക്കരയാന്‍ തുടങ്ങി. എനിക്കും ഭയങ്കര വിഷമമായി. എന്റെ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമാണ് ഇന്നലെ സംഭവിച്ചത്. ഞാന്‍ തമ്പിയായത് കൊണ്ടും തമ്പിയുടെ പടമായത് കൊണ്ടും മാത്രമാണ് സഹിച്ചത്. ഇല്ലെങ്കില്‍ ഞാന്‍ കളഞ്ഞിട്ട് പോയേനെ. തനിക്ക് എല്ലാം മനസിലായെന്ന് റഹ്‌മാന്‍ പറഞ്ഞു. പിന്നാലെ ഞാന്‍ റഹ്‌മാനോട് നന്ദി പറഞ്ഞു’.

 

Back to top button
error: