IndiaNEWS

യാത്രക്കാരെ കൊള്ളയടിക്കുമ്പോഴും ട്രെയിനുകളിലെ അപകടങ്ങൾ ഒഴിവാക്കുവാൻ നടപടിയില്ല

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകള്‍ അവസാനിപ്പിച്ചതിലൂടെ നാലുവർഷത്തിനിടെ, റെയില്‍വേ നേടിയത് 5800 കോടി രൂപയാണ്.ഇതിന് പിന്നാലെയാണ് യാത്രക്കാരെ ദുരിതത്തിലാക്കി ട്രെയിനുകളില്‍ അണ്‍ റിസര്‍വ്ഡ് ഡീ റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം റെയില്‍വേ വെട്ടിച്ചുരുക്കിയത്.

മാത്രമല്ല,പല ട്രെയിനുകളും സൂപ്പര്‍ഫാസ്റ്റ് ആക്കാനും റയില്‍വെ തീരുമാനിച്ചിട്ടുണ്ട്.ഇതോടെ സാധാരണ ടിക്കറ്റ് എടുക്കുന്നവര്‍ സൂപ്പര്‍ ഫാസ്റ്റിന്റെ സപ്ലിമെന്‍ററി അധിക നിരക്ക് കൂടി എടുക്കേണ്ടിയും വരും.സീസണ്‍ ടിക്കറ്റിനും സപ്ലിമെന്‍ററി ചാര്‍ജ് ബാധകമാണ്.ആവശ്യത്തിന് തീവണ്ടികൾ ഇല്ലാത്തതിനാൽ സ്ളീപ്പർ കോച്ചുകളിലടക്കം ജനം കുമിഞ്ഞു കൂടുന്നതിനിടെയാണ് പുതിയ സംഭവം.

ആവശ്യത്തിന് തീവണ്ടികൾ ഇല്ലാത്തതിനാലാണ് സ്ളീപ്പർ കോച്ചുകളിലടക്കം ജനം കുമിഞ്ഞു കൂടുന്നത്.രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ വലിയ നിരക്കുള്ള അതിവേഗ തീവണ്ടികളിറക്കാൻ സർക്കാർ മത്സരിക്കുന്നു. എ.സി കോച്ചുകൾ മാത്രമുള്ള വണ്ടികളിലെ ഉയർന്ന യാത്രാ നിരക്ക് വലിയ വിഭാഗം മനുഷ്യർക്കും താങ്ങാവുന്നതല്ല. സ്വന്തം നാടും വീടും കുടുംബവും വിട്ട് അന്യസംസ്ഥാനങ്ങളിൽ പോയി ചെറിയ തൊഴിലെടുക്കുന്ന സാധാരണക്കാർ സ്ളീപ്പർ ക്ലാസാണ് ഇന്നും ആശ്രയിക്കുന്നത്.

Signature-ad

മറ്റൊന്ന് ട്രെയിനുകളില്‍ റിസര്‍വേഷന്‍ കോച്ചുകളില്‍പ്പോലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ്.യാത്രക്കാര്‍ നിരന്തരം പരാതിപ്പെടുമ്ബോഴും  പരിഹാരം കാണാൻ റയിൽവേക്ക് താൽപ്പര്യമില്ല ട്രെയിനുകളില്‍ മോശം പെരുമാറ്റവും അതിക്രമവും അടുത്തിടെ വര്‍ധിച്ചുവരികയും ചെയ്യുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ടിടിഇയുടെ മരണം. മാരകലഹരിവസ്തുക്കള്‍വരെ ഉപയോഗിച്ചെത്തുന്ന ഇതരസംസ്ഥാനയാത്രക്കാര്‍ ട്രെയിനുകളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ലെന്നു ദീര്‍ഘദൂര യാത്രക്കാര്‍ തന്നെ പറയുന്നു.

റിസർവ് ചെയ്ത സീറ്റുകള്‍ ഇതരസംസ്ഥാനക്കാർ കൈയടക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോർട്ടു ചെയ്തിട്ടും ഇതിനെതിരെയും റെയില്‍വേ ഇതുവരെ  യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ നിന്നും സർവീസ് നടത്തുന്ന പല  ട്രെയിനുകളിലും ജനറല്‍ കോച്ചുകളില്‍ സാധനങ്ങള്‍ കുത്തിനിറച്ച്‌ ടിക്കറ്റില്ലാതെ കേരളത്തിലേക്കു യാത്ര ചെയ്യുന്നതു പതിവാണ്. സംഘടിത ശക്തിയായതിനാല്‍ ടിടിഇമാരും ഇതു കണ്ടില്ലെന്നു നടിക്കുന്നു.സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ക്രിമിനലുകളുടെ എണ്ണം വർദ്ധിക്കുന്നതും ഭീതി പരത്തുന്നു.തൃശൂർ വെളപ്പായയില്‍ കഴിഞ്ഞ ദിവസം ടി.ടി.ഇയെ ട്രെയിനില്‍ നിന്നു തള്ളിയിട്ട് കൊന്നതും എറണാകുളത്ത് വളർത്തുനായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കത്തില്‍ ഹൈക്കോടതി ഡ്രൈവറെ മർദ്ദിച്ചു കൊന്നതും അന്യസംസ്ഥാന ക്രിമിനലുകളുടെ സാന്നിദ്ധ്യം കേരളത്തില്‍ എന്തുമാത്രം ശക്തമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം.

2016 ഏപ്രിലില്‍ പെരുമ്ബാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ കിട്ടിയശേഷവും കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല.ബംഗ്ലാദേശ്, നേപ്പാള്‍, മ്യാൻമർ എന്നിവിടങ്ങളില്‍ നിന്നുള്ളവരും അന്യസംസ്ഥാനക്കാരെന്ന വ്യാജേന കേരളത്തിലേക്ക് എത്തുന്നുണ്ട്.ഇവരെല്ലാം എത്തുന്നത് ട്രെയിൻ വഴിയാണ്.

ട്രെയിൻ ഓടുമ്ബോള്‍ വാതില്‍ താനേ തുറന്ന് വീഴുന്ന അപകടങ്ങളും കവർച്ച നടത്തി വാതില്‍ വഴി രക്ഷപ്പെടുന്നതും തള്ളിയിടുന്നതുമെല്ലാം തുടരുമ്ബോഴും പുതിയ ട്രെയിനില്‍ പോലും ഓട്ടോമാറ്റിക് ഡോർ സ്ഥാപിക്കാനുള്ള ശ്രമവുമില്ല.ഓട്ടോമാറ്റിക് ഡോറുകൾക്കൊപ്പം വന്ദേഭാരതില്‍ അത്യാവശ്യഘട്ടങ്ങളില്‍ ലോക്കോ പൈലറ്റിനോട് യാത്രക്കാർക്ക് വിവരം കൈമാറാനുള്ള സംവിധാനം പോലുമുണ്ട്. എന്തെങ്കിലും അപകടമോ കുറ്റകൃത്യമോ ഉണ്ടായാല്‍ വിവരം ധരിപ്പിക്കാം. എന്നാല്‍ ഇതൊന്നും മറ്റ് ട്രെയിനുകളില്ല. പുതിയ മെമു ട്രെയിനുകളില്‍ ക്യാമറകളുണ്ട്.എന്നാൽ ദീർഘദൂര എക്സ്‌പ്രസ് ട്രെയിനുകളിൽ പോലും ഈ‌ സംവിധാനമില്ല.

അയോധ്യ അടക്കം രാജ്യാന്തര തലത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമ്ബോഴും കേരളത്തിൽ പഴഞ്ചൻ കമ്ബാർട്ടുമെന്റുകളുമായാണ് ട്രെയിനുകള്‍ സർവീസ് നടത്തുന്നത്.സി.സി.ടി.വി ക്യാമറ സ്ഥാപിക്കാനുള്ള  പദ്ധതി പോലും എങ്ങുമെത്തിയില്ല.

ഓരോ കോച്ചിലും എട്ട് ക്യാമറകള്‍ സ്ഥാപിക്കാനായിരുന്നു നീക്കം. അതോടെ വാതിലും ഇടനാഴികളും നിരീക്ഷണപരിധിയില്‍ വരും. സാങ്കേതിക വിദ്യയുടെ വളർച്ച ട്രെയിൻ യാത്രാ സൗകര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടില്ല എന്നുതന്നെ വേണം പറയാൻ.വന്ദേഭാരത് പോലുള്ള ട്രെയിനുകളില്‍ മാത്രമാണ് ആധുനിക സൗകര്യങ്ങളുള്ളത്. വടക്കൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകളില്‍ ടോയ്‌ലറ്റ് മുതല്‍ കംപാർട്ടുമെന്റുകള്‍ വരെ വൃത്തിഹീനമായിരിക്കും.

മൂന്ന് വർഷം മുൻപ് മുളന്തുരുത്തിയില്‍ യുവതിക്ക് നേരെയുണ്ടായ അക്രമത്തെ തുടർന്ന് സുരക്ഷ ചർച്ചയായെങ്കിലും നടപടിയുണ്ടായില്ല. സൗമ്യ സംഭവത്തിന് പിന്നാലെയായിരുന്നു ട്രെയിനിലെ സുരക്ഷിതത്വമില്ലായ്മ ഏറെചർച്ചയായത്. രാത്രി സർവീസില്‍ മാത്രമാണ് ഇപ്പോള്‍ ആർ.പി.എഫിന്റെ സുരക്ഷ.

പ്ലാറ്റ് ഫോമിലൂടെ അലഞ്ഞു തിരിയുന്ന ക്രിമിനലുകളെ പിടികൂടാൻ കാര്യമായ മുന്നൊരുക്കം റെയില്‍വേ പൊലീസും ആർ.പി.എഫും നടത്തുന്നില്ലെന്നതും ആക്ഷേപത്തിനിടയാക്കുന്നു. ട്രെയിനില്‍ കടത്തുന്ന കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങളും പിടികൂടുന്നതിലാണ് അവരുടെ ശ്രദ്ധ.എന്നിട്ടും ഇത് നിർബാധം തുടരുകയും ചെയ്യുന്നുണ്ട്.കൂടുതല്‍ പൊലീസുകാരെ വിന്യസിക്കണമെന്ന പാസഞ്ചർ അസോസിയേഷനുകളുടെ ആവശ്യങ്ങള്‍ക്കും പരിഹാരമായിട്ടില്ല.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കാര്യമായ റിക്രൂട്ട്‌മെന്റുകളില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്.റയിൽവെ
ലാഭക്ഷമമാക്കാൻ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ചതിനാല്‍ മറ്റ് ക്‌ളാസുകളിലും അമിതമായ യാത്രക്കാരുടെ തള്ളിക്കയറ്റം കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു.ഓട്ടോമാറ്റിക് വാതിലുകള്‍ പുതിയ ട്രെയിനുകളിലെങ്കിലും സ്ഥാപിച്ചിരുന്നെങ്കില്‍ പല അപകടങ്ങളും കുറ്റകൃത്യങ്ങളും ഒഴിവാക്കാനാകും.

Back to top button
error: