തിരുവനന്തപുരം: പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. പിന്നാലെ, പൊതുജനങ്ങളില്‍ നിന്നും പണം തേടി ബക്കറ്റ് പിരിവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തെരുവില്‍.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) ആക്ടിംഗ് പ്രസിഡൻ്റ് എംഎം ഹസ്സന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് പിരിവിനിറങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണം കൈകാര്യം ചെയ്യുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ കോണ്‍ഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തിലാണ് കെപിസിസിയും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും (എഐസിസി) സാധാരണക്കാരെ സമീപിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നേടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹസ്സൻ പറഞ്ഞു.
ദേശീയ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്ബ്, യാതൊരു കാരണവുമില്ലാതെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.