Social MediaTRENDING

പൃഥ്വിക്ക് പകരം ഫഹദായിരുന്നെങ്കിലോ? ആടുജീവിതം കുറേക്കൂടി കളറാകുമായിരുന്നോ? ബ്ലെസി മറുപടി പറയുന്നു

ടുജീവിതം എന്ന ബ്ലെസി ചിത്രം വലിയ രീതിയിലാണ് ബോക്‌സോഫീസിലും മലയാള സിനിമാ പ്രേക്ഷകരുടെ മനസിലും ഇടം പിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പൃഥ്വിരാജിന് പകരം എന്തുകൊണ്ട് ഫഹദിനെ തെരഞ്ഞെടുത്തില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ ബ്ലെസി. സര്‍വൈവല്‍ സിനിമകളില്‍ കുറേക്കൂടി തിളങ്ങുന്ന ഫഹദ് നജീബിനെ അവതരിപ്പിച്ചാല്‍ മികച്ചതാകും എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനാണ് ബ്ലെസി മറുപടി നല്‍കിയത്.

ബ്ലെസി പറഞ്ഞത്:

ഈ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് പൃഥ്വിയെ നമ്മള്‍ കണ്ടത് റൊമാന്റിക് ഹീറോ, ചോക്ലേറ്റ് ബോയ് എന്നൊക്കെ പറയാവുന്ന തരത്തില്‍ നല്ല സുന്ദരനായ ചെറുപ്പക്കാരനായിട്ടാണ്. പക്ഷേ ആ സമയങ്ങളിലും പൃഥ്വിരാജിന്റെ സമര്‍പ്പണം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഈ സിനിമയ്ക്ക് എങ്ങനെ പോയാലും മിനിമം ഒരു മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആ സമര്‍പ്പണം പ്രധാനപ്പെട്ടതാണ്.

പിന്നെ ഒരു റഫറന്‍സും ഈ കഥാപാത്രത്തിന് ശരിക്കും പറഞ്ഞാല്‍ ഉണ്ടായിരുന്നില്ല. നജീബുമായിട്ട് ഞാന്‍ ഒരിക്കല്‍ സംസാരിച്ചിരുന്നു. അദ്ദേഹം മിക്കവാറും സമയങ്ങളില്‍ കരയുകയായിരുന്നെന്നും ഒന്നും പറയാനില്ല എന്നുമാണ് എന്നോട് പറഞ്ഞത്. അത്തരത്തില്‍ നജീബിനെ മനസിലാക്കാനും ഇമിറ്റേറ്റ് ചെയ്യാനും ശ്രമിച്ചിട്ടില്ല. പൃഥ്വി പോലും ഷൂട്ട് കഴിഞ്ഞ ശേഷമാണ് നജീബിനെ കാണുന്നത്. റഫറന്‍സ് ഇല്ലാതെ തന്നെ അത്തരമൊരു കഥാപാത്രത്തെ മനസിലാക്കി ചെയ്യാന്‍ കഴിയുന്ന, ഇന്റലിജന്റായിട്ടുള്ള ആര്‍ടിസ്റ്റിനെ തീര്‍ച്ചയായും എനിക്ക് ആവശ്യമുണ്ടായിരുന്നു.

രാജു നല്ല കോണ്‍ഫിഡന്‍സ് ഉള്ള ആളാണ്. അറിവ് പ്രകടിപ്പിക്കുന്ന ആളാണ്. പക്ഷേ നാട്ടുമ്പുറത്തുകാരനായ അഞ്ചാം ക്ലാസുകാരന് ഇതൊന്നും വേണ്ട. ഇതില്‍ നിന്ന് വ്യത്യസ്തമാകുന്നത് എനിക്ക് സാധാരണക്കാരനെ പോലെ മെലിഞ്ഞ ആള്‍ വീണ്ടും കഷ്ടതയില്‍ മെലിയുമ്പോള്‍ യാതൊരു വ്യത്യാസവുമുണ്ടാകില്ല. കുറച്ച് കൂടി ബള്‍ക്കിയാവണം. മണല്‍വാരുന്ന തൊഴിലാളികളെ നോക്കിയാല്‍ അറിയാം. അവര്‍ വെളുപ്പിന് ജോലിക്കായി ഇറങ്ങും. പതിനൊന്ന് മണിയോടെ പണി തീര്‍ത്ത് കയറി പൊറോട്ടയും ബീഫുമൊക്കെ നന്നായി കഴിക്കും. അധ്വാനം ഉണ്ടെങ്കിലും അവരുടെ ശരീരം തോളൊക്ക തൂങ്ങി വയറൊക്കെയുള്ള രീതിയിലായിരിക്കും. അതിനെ ഈ രീതിയില്‍ മോള്‍ഡ് ചെയ്യണമെങ്കില്‍ ഇങ്ങനെ ഒരു ആകാരം ഉണ്ടാകണം. അപ്പോഴേ അത് ഫീല്‍ ചെയ്യിപ്പിക്കാന്‍ പറ്റൂ.

പിന്നെ പൃഥ്വിരാജിന്റെ കണ്ണ് ഭയങ്കര പവര്‍ഫുള്ളാണ്. കണ്ണിനെ മേക്കപ്പ് ചെയ്യാന്‍ പറ്റില്ലല്ലോ. ഇയാള്‍ക്ക് ഒരു ഭയമുണ്ട്. ഭാഷയറിയാത്ത പ്രശ്നമുണ്ട്. ഇതെല്ലാം മനസിലാക്കി അതിനെ ശരീരത്തിലേക്ക് ആവാഹിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടും നല്ല ബുദ്ധിയുമുള്ള ആള്‍ക്കേ പറ്റൂ. ഞാന്‍ പറഞ്ഞു കൊടുക്കുന്നതിന് അപ്പുറമായിട്ട് ഒരു കഥാപാത്രത്തെ മനസിലാക്കുമ്പോഴാണ് ആ ക്യാരക്ടറിന്റെ ഭയങ്കര മൈന്യൂട്ട് ഡീറ്റെയിലേക്ക് വരുന്നത്. ഞങ്ങള്‍ക്ക് ഇത്ര അധികം സംസാരിക്കാനുമൊക്കെയുള്ള ഒരു സ്വാതന്ത്ര്യം കിട്ടി. പരസ്പരം രണ്ട് പേര്‍ സംസാരിക്കുമ്പോള്‍ ഒരാള്‍ക്ക് മനസിലാകുമ്പോഴേ നമ്മള്‍ക്ക് അയാളോട് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുള്ളൂ. ഞാനും പൃഥ്വിയും ഒരുമിച്ചിരുന്നാണ് ഇതൊക്കെ പഠിക്കുന്നത്.

 

 

Back to top button
error: