കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദര്‍ശിച്ച് സി.പി.എം നേതാക്കള്‍. പാനൂര്‍ ഏരിയ കമ്മിറ്റിയംഗം സുധീര്‍കുമാര്‍, പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.അശോകന്‍ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. ബോംബ് നിര്‍മിച്ചവരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നായിരുന്നു സി.പി.എം നിലപാട്.
അതേസമയം, പാനൂര്‍ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശനം നടത്തിയതായി അറിവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം അനുഭാവി കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ബോംബ് സ്‌ക്വാഡിന്റെ പരിശോധന വ്യാപകമാക്കി.
കണ്ണൂരില്‍ പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലും കോഴിക്കോട് നാദാപുരത്തും ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ പുഴയോരത്തും പരിശോധന നടത്തി. ബോംബ് നിര്‍മാണത്തിന് പിന്നിലുള്ളവരെക്കുറിച്ചുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യു.ഡി.എഫ്.