IndiaNEWS

ബിജെപിക്കായി മേയർ തെരഞ്ഞെടുപ്പില്‍ കൃത്രിമം;കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് പ്രിസൈഡിങ് ഓഫിസർ

ന്യൂഡൽഹി: ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയത് തെളിഞ്ഞതിന് പിന്നാലെ സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് പ്രിസൈഡിങ് ഓഫിസർ അനില്‍ മസീഹ്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവർക്ക് മുമ്ബാകെയാണ് ബാലറ്റ് പേപ്പറുകളുടെ കൃത്രിമവുമായി ബന്ധപ്പെട്ട് കോടതിയില്‍ തെറ്റായ പ്രസ്താവന നടത്തിയതിന് മാപ്പപേക്ഷ നല്‍കിയത്. തന്റെ മുന്നില്‍ എത്തുന്നതിന് മുമ്ബുതന്നെ എട്ട് ബാലറ്റ് പേപ്പറുകളും വികൃതമായ നിലയിലായിരുന്നുവെന്ന് മസീഹ് തെറ്റായ മൊഴി നല്‍കിയെന്ന് നേരത്തെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Signature-ad

മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുള്‍ റോഹത്ഗിയാണ് ബി.ജെ.പി നേതാവ് കൂടിയായ അനില്‍ മസീഹിന് വേണ്ടി കോടതിയില്‍ ഹാജരായത്.തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച നടപടി നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ജനുവരി 30ന് നടന്ന ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്റെ എട്ട് വോട്ടുകളില്‍ വരണാധികാരിയായിരുന്ന അനില്‍ മസീഹ് കൃത്രിമം കാണിക്കുകയും അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ മേയർ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന ആവശ്യവുമായി ആം ആദ്മി കൗണ്‍സിലർ കുല്‍ദീപ് കുമാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി വിസമ്മതിച്ചതോടെ സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

വോട്ടെടുപ്പിന്റെ വിഡിയോ അടക്കം പരിശോധിച്ച സുപ്രീം കോടതിക്ക് കൃത്രിമം ബോധ്യപ്പെടുകയും അസാധുവാക്കിയ ബാലറ്റുകള്‍ സാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് എ.എ.പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാർഥി കുല്‍ദീപ് കുമാറിനെ പുതിയ മേയറായും പ്രഖ്യാപിച്ചിരുന്നു.

Back to top button
error: