ബംഗളൂരു: വാടകഗുണ്ടകളുടെ സഹായത്തോടെ സഹപ്രവര്‍ത്തകനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ അറസ്റ്റില്‍. ബംഗളൂരുവിലെ പാലുല്പന്ന നിര്‍മാണ കമ്പനിയിലെ ജീവനക്കാരായ ഉമാശങ്കര്‍, വിനേഷ് എന്നിവരും മൂന്ന് വാടകഗുണ്ടകളുമാണ് അറസ്റ്റിലായത്. ഇവരുടെ സഹപ്രവര്ത്തകന് സുരേഷിനാണ് മര്‍ദനമേറ്റത്. ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പാലുല്‍പ്പന്ന നിര്‍മാണ കമ്പനിയിലെ ഓഡിറ്ററാണ് മര്‍ദനമേറ്റ സുരേഷ്. ഓഫീസില്‍ സുരേഷുമായുള്ള അഭിപ്രായവ്യത്യാസമാണ് വാടകഗുണ്ടകളെ ഒപ്പംകൂട്ടി അക്രമം നടത്താന്‍ പ്രേരകമായതെന്ന് പോലീസ് പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട് സുരേഷ് തങ്ങള്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്താറുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഉമാശങ്കറും വിനേഷും പോലീസിനോട് പറഞ്ഞു.
സുരേഷിനെ സഹപ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്ന് നടുറോഡില്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഒരു കാറിലെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നത്.
നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ എക്സില്‍ ഈ വീഡിയോ പങ്കുവെച്ചതോടെയാണ് ബംഗളൂരു പോലീസ് വിഷയത്തില്‍ ഇടപെട്ടത്. മര്‍ദ്ദനമേറ്റ സുരേഷിനെ കണ്ടെത്തിയ പോലീസ് അദ്ദേഹത്തില്‍നിന്ന് പരാതി എഴുതിവാങ്ങി. തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.