ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റേത് മുസ്ലിം ലീഗിന്റെ പ്രകടനപത്രികയെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരകാലത്തെ ലീഗ് ആശയങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ളത്. രാജ്യഹിതത്തിനായുള്ള നയങ്ങളോ പുരോഗതിക്കായുള്ള വീക്ഷണമോ പ്രകടനപത്രികയില്‍ ഇല്ല. ലീഗിന്റെ ആശയങ്ങള്‍ കഴിഞ്ഞാല്‍ ഇടതിന്റെ ആശയങ്ങള്‍ക്കാണ് മേധാവിത്തമെന്നും മോദി ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തിലായിരുന്നു മോദിയുടെ ആരോപണങ്ങള്‍.
ബിജെപി സര്‍ക്കാര്‍ യാതൊരു വേര്‍തിരിവുമില്ലാതെയാണ് രാജ്യം ഭരിക്കുന്നത്. എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇടയിലേക്ക് സര്‍ക്കാര്‍ പദ്ധതികള്‍ എത്തിച്ചേരണമെന്നാണ് ആഗ്രഹമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി തൊട്ടടുത്ത ദിവസമാണ് മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, നരേന്ദ്ര മോദിക്ക് ചരിത്രമറിയില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ജനക്ഷേമ പദ്ധതികള്‍ക്കാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.