കൂത്താടുന്ന പരിപാടിയൊന്നും നടക്കില്ലെന്ന് പറഞ്ഞു, ഒന്‍പതാം ക്ലാസില്‍ പഠനത്തിന് ‘പാക്ക്അപ്’ പറഞ്ഞ് ഉര്‍വശി !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. ഉര്‍വ്വശി അഭിനയിച്ച സിനിമകള്‍ എല്ലാം മലയാളികള്‍ക്ക് അത്രയും പ്രിയപ്പെട്ട ചിത്രങ്ങളാണ്. മുന്താനൈ മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉര്‍വ്വശി അഭിനയ ലോകത്തേക്ക് ചുവടുവെക്കുന്നത്. നടന്‍ ഭാഗ്യരാജിനൊപ്പമായിരുന്നു മുന്താനൈ മുടിച്ച് അഭിനയിച്ചത്. തന്റെ 14ാം വയസ്സിലാണ് ഉര്‍വ്വശി സിനിമയിലേക്ക് എത്തുന്നത്.
മുന്താനൈ മുടിച്ച് എന്ന ചിത്രത്തിന് ശേഷം തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങുകയായിരുന്നു ഉര്‍വശി. ഇടക്കാലത്ത് മലയാള സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായ ഉര്‍വ്വശി തമിഴിലും മലയാളത്തിലും അഭിനയിക്കുന്നുണ്ട്. കാരക്ടര്‍ റോളുകളും കോമഡി വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടികൂടിയാണ് ഉര്‍വശി.
ഇപ്പോഴിതാ ഉര്‍വ്വശിയോളം തന്നെ വലുതായിട്ടുണ്ട് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകള്‍ തേജാ ലക്ഷ്മിയും. ഉര്‍വശിയ്ക്കും മനോജ് കെ ജയനുമുണ്ടായ കുഞ്ഞാണ് തേജ ലക്ഷ്മി. 2000ത്തിലാണ് ഇരുവരും വിവാഹം കഴിക്കുന്നത് എന്നാല്‍. അധികകാലം നീണ്ടുനില്‍ക്കാത്ത ദാമ്പത്യ ജീവിതം രണ്ട് പേരും 2008ല്‍ അവസാനിപ്പിച്ചു. പിന്നീട് 2013ല്‍ തമിഴ്നാട് സ്വദേശിയായ ശിവപ്രസാദിനെ ഉര്‍വശി വിവാഹം കഴിച്ചു. ഇതില്‍ ഒരു മകനുമുണ്ട് ഉര്‍വശിക്ക്.
ഇപ്പോഴിതാ അമ്മയ്ക്കൊപ്പം ചില അഭിമുഖങ്ങളിലെല്ലാം തേജലക്ഷ്മിയും പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശിയും മകളും ഒരുമിച്ച് വന്നിരുന്നു. ഈ അഭിമുഖത്തില്‍ അവതാരകന്‍ മകളോട് ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. അമ്മ കോളേജില്‍ ഏത് വിഷയമാണെന്ന് കൈയ്യില്‍ കൊടുത്ത നോട്ട്പാഡില്‍ എഴുതാനാണ് അവതാരകന്‍ പറഞ്ഞത്.
ചോദ്യം കേട്ടപ്പോള്‍ ആദ്യമൊന്ന് പകച്ച തേജ ലക്ഷ്മി ചോദിക്കുന്നത് പഠിച്ചിട്ടുണ്ടോ എന്നാണ്. എന്നാല്‍ ഉര്‍വശി പറയുന്നത് ഇങ്ങനെയാണ്. ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഞാന്‍ എങ്ങനെയാണ് കോളേജില്‍ പോകുന്നത് എന്നാണ്. ആദ്യത്തെ ചിത്രം മുന്താനൈ മുടിച്ച് ആയിരുന്നു അതിന് ശേഷം തുടരെ തുടരെ വേഷങ്ങള്‍ വന്നതിനാല്‍ പഠിക്കാന്‍ പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉര്‍വശി പറയുന്നു.
ഈ സമയം അവതാരകന്‍ ചോദിക്കുന്നുണ്ട്, മാഡത്തിന് പഠിക്കാന്‍ ഇഷ്ടമായിരുന്നെന്ന് പറഞ്ഞിരുന്നല്ലോ എന്ന്. എന്നാല്‍ ഉര്‍വശി പറയുന്നത്, തനിക്ക് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ പഠിക്കാന്‍ പോവാന്‍ സാധിച്ചില്ല എന്നാണ്. ഇന്ന് സ്‌കൂളില്‍ കുട്ടികള്‍ക്ക് കിട്ടുന്ന സഹകരണം ഒന്നും അന്ന് കുട്ടികള്‍ക്ക് കിട്ടില്ല.
മുന്താനൈ മുടിച്ച് വന്ന് റിലീസ് ആയത് ഒന്‍പതില്‍ പഠിക്കുന്ന കാലത്താണ്. നന്നായി പഠിക്കുന്ന ക്ലാസില്‍ നല്ല മാര്‍ക്ക് വാങ്ങുന്ന ആളായിരുന്നു താന്‍. പക്ഷെ ഇങ്ങനെ കൂത്താടുന്ന പണിയൊന്നും സ്‌കൂളില്‍ പോയിക്കൊണ്ട് വേണ്ട എന്നാണ് അച്ഛനോട് ടീച്ചര്‍മാര്‍ പറഞ്ഞത്. അത് ശരിയാവില്ല. അതുകൊണ്ട് സ്‌കൂള്‍ വിട്ടിട്ട് വേണമെങ്കില്‍ അഭിനയിച്ചോളാന്‍ പറഞ്ഞു. ഇപ്പോഴൊക്കെ ആണെങ്കില്‍ ടീച്ചര്‍മാര്‍ ഒക്കെ ഒരുപാട് സഹായിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് പുറത്ത് പറയാന്‍ തന്നെ മടിയായിരുന്നെന്നും ഉര്‍വശി അതിനോട് കൂട്ടിച്ചേര്‍ത്ത് പറഞ്ഞു.