SportsTRENDING

തുടര്‍ച്ചയായ മൂന്നാം തവണയും ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ബെര്‍ത്ത് നേടിക്കൊടുത്ത് ഇവാൻ വുകമനോവിച്ച്‌ 

സെര്‍ബിയക്കാരന്‍ ഇവാന്‍ വുകോമാനോവിച്ച്‌ മുഖ്യപരിശീലകനായ ശേഷം തുടര്‍ച്ചയായ മൂന്നാം തവണയും ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് ബെര്‍ത്തിൽ കടന്നിരിക്കുകയാണ്.

ഇതോടെ മറ്റ് ഒരു ഐഎസ്‌എല്‍ പരിശീലകനും സാധിക്കാത്ത നേട്ടമാണ് ആരാധകരുടെ പ്രിയപ്പെട്ട ആശാന്‍ സ്വന്തമാക്കിയിരിക്കുന്നത്. 2021 ജൂണ്‍ 21-ന് ക്ലബ്ബിനൊപ്പം ചേര്‍ന്ന ആശാന്‍ ആദ്യസീസണില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇതോടെ ആശാന്‍ വാഴ്ത്തപ്പെട്ടവനായി. ആരാധകര്‍ ആവേശത്തോടെ ആശാനെന്നു വിളിച്ചു. ആദ്യത്തേത് ഒരു വണ്‍ ടൈം വണ്ടറായിരുന്നില്ലെന്ന് തെളിയിച്ച്‌ രണ്ടാം സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചു. സുനില്‍ ഛേത്രിയുടെ വിവാദഗോളിനെ തുടര്‍ന്ന് ബെംഗളൂരു എഫ്.ിക്കെതിരായ പ്ലേ ഓഫ് മത്സരം പാതിവഴിയില്‍ ടീം ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് വിവാദനായകനുമായി.

എന്നാല്‍, അപ്പോഴും ആരാധകര്‍ ആശാനൊപ്പം ഉറച്ചുനിന്നു. കളി പോയാല്‍ പോട്ടെ, ആത്മാഭിമാനമാണ് വലുതെന്ന് പറഞ്ഞ് ആശാനൊപ്പം ആരാധകര്‍ കട്ടയ്ക്കു നിന്നു.. ഇത്തവണ മൂന്നാം സീസണില്‍ അഞ്ചാംസ്ഥാനക്കാരായി ടീം പ്ലേ ഓഫിലെത്തിയതോടെ ഐഎസ്‌എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ പരിശീലകനായി അദ്ദേഹം മാറി. ബ്ലാസ്റ്റേഴ്‌സ് 2014-നുശേഷം ആദ്യമായി കരാര്‍ പുതുക്കിനല്‍കിയ ഏക പരിശീലകനാണ് വുകോമാനോവിച്ച്‌. അതിനുമുമ്ബ് ഓരോ സീസണിലും ഓരോ പരിശീലകന്‍ എന്നതായിരുന്നു അവസ്ഥ. മൂന്നു സീസണുകളിലായി 58 കളിക്കാരെ പരീക്ഷിച്ച വുകോമാനോവിച്ച്‌ 72 മത്സരങ്ങളിലാണ് ടീമിനെ അണിയിച്ചൊരുക്കിയത്.

Signature-ad

പരിമിതമായ സൗകര്യങ്ങളില്‍നിന്നുകൊണ്ട് ബ്ലാസ്റ്റേഴ്‌സിനെ മികച്ചൊരു ടീമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.ഇത്തവണ ലീഗ് പകുതി പിന്നിട്ടപ്പോള്‍ ടീമിനെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തിക്കാനും ആശാന് കഴിഞ്ഞു.താരങ്ങൾക്കേറ്റ പരിക്കാണ് പിന്നീട് ടീമിന് വിനയായത്.പ്രധാന താരങ്ങളെല്ലാം ഇപ്പോഴും കളിക്കളത്തിന് പുറത്താണ്.

സെർബിയക്കാരനായ വുകമനോവിച്ച് എങ്ങനെ കേരളത്തിന്റെ ആശാനായി ?

രണ്ടു വര്‍ഷത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ഐഎസ്എല്ലിന്റെ ഫൈനലിലെത്തിച്ച പരിശീലകനാണ് സെര്‍ബിയക്കാരനായ ഇവാൻ വുകമനോവിച്ച്.
ബ്ലാസ്റ്റേഴ്സിന്റെ പത്താമത്തെ പരിശീലകനായിരുന്നു ഈ മുന്‍ സെര്‍ബിയന്‍ താരം.ബെല്‍ജിയം ക്ലബ്ബിന്റെ സഹപരിശീലകനായാണ് വുകമനോവിച്ച് കോച്ചിങ് കരിയര്‍ ആരംഭിച്ചത്.പിന്നീട് സ്ലൊവാക്യന്‍ സൂപ്പര്‍ ലീഗിലും പരിശീലകനായി.
 1977  ജൂൺ 19 ന് സെർബിയയിലെ ടിറ്റോവോയിലായിരുന്നു ജനനം.സെർബിയൻ ദേശീയ ടീമിലും 1994 മുതൽ 2011 വരെ വിവിധ യൂറോപ്യൻ ക്ലബ്ബുകൾക്കായും അദ്ദേഹം ബൂട്ട് കെട്ടി.കൂടുതലും മധ്യനിരയിൽ കളിച്ചിരുന്ന അദ്ദേഹം ഒരു മിഡ്ഫീൾഡ് ജനറലായും പേരെടുത്തിരുന്നു.
 
സെർബിയൻ ക്ലബ്ബായ FK Sloboda Uzice ലാണ് അദ്ദേഹം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് .പിന്നീട് ഒബിലിക്കിനായി കളിച്ചു , അവിടെ അദ്ദേഹം 1997-98 ഫസ്റ്റ് ലീഗ് ഓഫ് എഫ്ആർ യുഗോസ്ലാവിയ കിരീടം നേടി.പിന്നീട് ലിഗ് സൈഡ് ബോർഡോയിലേക്ക് മാറി . ഫ്രഞ്ച് ക്ലബ്ബിനൊപ്പം, 1998-99 ഫ്രഞ്ച് ഡിവിഷൻ 1 അദ്ദേഹം നേടി . തന്റെ കരിയറിൽ ഉടനീളം, സെർബിയൻ ടീമായ റെഡ് സ്റ്റാർ ബെൽഗ്രേഡ് , ബുണ്ടസ്ലിഗയുടെ എഫ്‌സി കോൾ , ബെൽജിയൻ ടീം റോയൽ ആന്റ്‌വെർപ് എഫ്‌സി , റഷ്യൻ ക്ലബ് എഫ്‌സി ഡൈനാമോ മോസ്കോ എന്നിവ ഉൾപ്പെടുന്ന നിരവധി മുൻനിര ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു .റെഡ് സ്റ്റാർ ബെൽഗ്രേഡിനൊപ്പം, 2000 – ലെ FR യുഗോസ്ലാവിയ കപ്പ്, FR യുഗോസ്ലാവിയയുടെ ഫസ്റ്റ് ലീഗ് 1999-2000 , 2000-01 സീസണുകളും അദ്ദേഹം നേടിയിരുന്നു . 2011-ൽ 34-ആം വയസ്സിൽ അദ്ദേഹം വിരമിച്ചു.
2013 ൽ സ്റ്റാൻഡേർഡ് ലീജ് എന്ന ക്ലബ്ബിനു വേണ്ടി ബെൽജിയൻ പ്രോ ലീഗിലാണ്  വുകമനോവിച്ച് തന്റെ പരിശീലന ജീവിതം ആരംഭിച്ചത്.ഈ സമയത്ത്, യോഗ്യതാ ഘട്ടങ്ങളിലെ എല്ലാ ഗെയിമുകളും വിജയിച്ചതിനു ശേഷം ക്ലബ് യൂറോപ്പ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു.യൂറോപ്പ ലീഗിൽ സ്പാനിഷ് വമ്പൻമാരായ സെവിയ്യയ്‌ക്കെതിരെയായിരുന്നു ഹെഡ് കോച്ചെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ കളി.അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിൽ, ലീഗിൽ പരമാവധി ലഭിക്കാവുന്ന  39 പോയിന്റുകളിൽ നിന്ന് 28 എണ്ണം സ്റ്റാൻഡേർഡ് ലീജ് നേടുകയും ചെയ്തു.2016 വരെ അദ്ദേഹം ക്ലബിൽ തുടർന്നു.
2016-ൽ -ൽ, സ്ലോവാക് സൂപ്പർ ലിഗ ടീമായ സ്ലോവൻ ബ്രാറ്റിസ്ലാവയുടെ മാനേജരായി വുകോമനോവിച്ചിനെ നിയമിച്ചു . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്ലബ്ബ് ലീഗിൽ രണ്ടാം സ്ഥാനത്തെത്തി. 2017-ൽ സ്ലോവാൻ ബ്രാറ്റിസ്ലാവയെ  സ്ലോവാക് കപ്പ് കിരീടത്തിലേക്ക് അദ്ദേഹം നയിക്കുകയും ചെയ്തു.
2021-22 സീസണിന് മുന്നോടിയായാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായെത്തുന്നത്.ആ വർഷം തന്നെ ടീമിനെ അദ്ദേഹം ഫൈനലിൽ എത്തിച്ചു.ഫൈനലിൽ ഷൂട്ടൗട്ടിലാണ് ഹൈദരാബാദുമായാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്നത്.
2014  ൽ ടീം രൂപികരിച്ച ശേഷം ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സീസണിൽ ക്ലബ്ബ് 10 മത്സരങ്ങൾ ജയിക്കുന്നത്.കഴിഞ്ഞ സീസണിലും (2022-23) ബ്ലാസ്റ്റേഴ്സ് പ്ലേഓഫുകൾക്ക് യോഗ്യത നേടി.ഇതോടെ ക്ലബ്ബിന്റെ ചരിത്രത്തിൽ തുടർച്ചയായി പ്ലേഓഫുകളിലേക്ക് അവരെ നയിക്കുന്ന ആദ്യത്തെ പരിശീലകനായും വുകമാനോവിച്ച് മാറി.എന്നാൽ 2023 മാർച്ച് 3 ന്,  പ്ലേഓഫിൽ ബെംഗളൂരു എഫ്‌സിക്കെതിരെയുണ്ടായ വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തിന് 10 മത്സരങ്ങളിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വിലക്ക് ഏർപ്പെടുത്തുകയുണ്ടായി.ഇതേത്തുടർന്ന് അസിസ്റ്റന്റ് കോച്ചാണ് കഴിഞ്ഞ ഒരു കളിക്ക് മുൻപുവരെ ബ്ലാസ്റ്റേഴ്സിനെ നയിച്ചത്.
പത്ത് മത്സരങ്ങളുടെ വിലക്കിനു ശേഷം, 2023 ഒക്ടോബർ 27 ന് കൊച്ചിയിൽ ഒഡീഷ എഫ്‌സിക്കെതിരായ ഹോം മത്സരത്തിലാണ് അദ്ദേഹം  ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഹെഡ് കോച്ചായി ബ്ലാസ്റ്റേഴ്‌സിന്റെ ഡഗൗട്ടിലേക്ക് വീണ്ടും മടങ്ങിയെത്തിയത്.മത്സരം 2-1 കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്തു.

Back to top button
error: