
മുംബൈ: കോണ്‍ഗ്രസിനെയും ഉദ്ധവ് വിഭാഗത്തെയും രൂക്ഷമായി വിമര്‍ശിച്ച മുംബൈ ഘടകം മുന്‍ അധ്യക്ഷന്‍ സഞ്ജയ് നിരുപമിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി കോണ്‍ഗ്രസ്. ശിവസേനയുമായുള്ള സീറ്റ് വിഭജനചര്‍ച്ചയില്‍ പാര്‍ട്ടിക്ക് മുംബൈയില്‍ അര്‍ഹമായ സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു രൂക്ഷമായ വിമര്‍ശനം. ഇതോടെ ഇന്നലെത്തന്നെ താരപ്രചാരകരുടെ പട്ടികയില്‍ നിന്നു അദ്ദേഹത്തെ നീക്കിയിരുന്നു.
പിന്നാലെ നിരുപമിനെതിരെ അച്ചടക്കനടപടിക്കു ഹൈക്കമാന്‍ഡിനോടു സംസ്ഥാനഘടകം നിര്‍ദേശിക്കുകയും ചെയ്തു. ആറു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. മുംബൈ നോര്‍ത്തില്‍നിന്നുള്ള ലോക്‌സഭാ എംപിയായിരുന്നു അദ്ദേഹം. പിന്നീട് രാജ്യസഭാ എംപിയും പാര്‍ട്ടിയുടെ മുംബൈ ഘടകം അധ്യക്ഷനുമായിരുന്നു. സഞ്ജയ് നിരുപം ശിവസേനാ ഷിന്‍ഡെ പക്ഷത്ത് ചേരുമെന്നാണ് അഭ്യൂഹം. വ്യാഴാഴ്ച നിലപാട് പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

നോര്‍ത്ത് വെസ്റ്റ് മുംബൈ മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം നിരുപമിനുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മണ്ഡലങ്ങള്‍ ഉദ്ധവ് പക്ഷത്തിനു നല്‍കിയതോടെയാണ് അസ്വാരസ്യം ഉടലെടുത്തത്. നേരത്തേ, അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വിഷയത്തിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിനു വിരുദ്ധമായാണ് സഞ്ജയ് നിരുപം പ്രതികരിച്ചത്.