KeralaNEWS

”എസ്.ഡി.പി.ഐ.യുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കില്ല, വ്യക്തിപരമായി ആര്‍ക്കും വോട്ട് ചെയ്യാം”

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വ്യക്തിപരമായി ആര്‍ക്കുവേണമെങ്കിലും യു.ഡി.എഫിന് വോട്ട് ചെയ്യാമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വോട്ട് ചെയ്യുന്നത് വ്യക്തിപരമായാണ്. അത് അവരുടെ സ്വാതന്ത്ര്യം. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വോട്ട് ചെയ്യാം. എല്ലാ ജനവിഭാഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍, സംഘടനകളുടെ കാര്യത്തില്‍ അങ്ങനെയല്ല, വി.ഡി. സതീശന്‍ പറഞ്ഞു.

Signature-ad

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പതാക ഇല്ലാത്തതിനേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്, ഞങ്ങള്‍ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പതാക വിവാദം ഉണ്ടാക്കിയത് ബിജെപിയാണ്. ഇത്തവണ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിഹ്നം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാന്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാവുകയും മറുവശത്ത് ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേത്. മാസപ്പടി ഉള്‍പ്പെടെയുള്ള കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ബിജെപിയെ പേടിച്ചാണ് പറയുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: