സൗദി അറേബ്യ മിസ് യൂണിവേഴ്സില്‍! വാര്‍ത്തകള്‍ വ്യാജമെന്ന് സംഘാടകര്‍
ന്യൂയോര്‍ക്ക്: മിസ് യൂണിവേഴ്സ് മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം. സൗദി അറേബ്യ വിശ്വ സുന്ദരി മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്നും ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മിസ് യൂണിവേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
”സൗദി അറേബ്യയില്‍ നിന്ന് മത്സരാര്‍ഥിയെ പങ്കെടുപ്പിക്കുന്നതിനായി ഒരു സെലക്ഷന്‍ നടപടികളും നടത്തിയിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നകാണ്. വിശ്വസുന്ദരി മത്സരത്തില്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് കടുപ്പമേറിയ സെലക്ഷനിലൂടെയാണ് കടന്നുപോകേണ്ടത്. അത് ഞങ്ങളുടെ നയങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതവുമാണ്. മെക്സിക്കോയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്ന നൂറിലേറെ രാജ്യങ്ങളില്‍ നിലവില്‍ സൗദ്യ അറേബ്യ ഇല്ല. ഏതൊക്കെ രാജ്യങ്ങളില്‍ സൗന്ദര്യ മത്സരത്തിനായി സെലക്ഷന്‍ ട്രയല്‍സ് നടത്തണമെന്ന് തീരുമാനിക്കുന്നത് ഞങ്ങളുടെ അപ്രൂവല്‍ സമിതിയാണ്” -വാര്‍ത്താ കുറിപ്പില്‍ മിസ് യൂണിവേഴ്സ് സംഘാടകര്‍ വ്യക്തമാക്കുന്നു.
വിശ്വ സുന്ദരി മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന തരത്തിലാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സൗദി മോഡലായ റൂമി അല്‍ഖഹ്താനിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ”മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിത്”-എന്നായിരുന്നു റൂമിയുടെ പോസ്റ്റ്. സൗദി പതാക പിടിച്ച ചിത്രത്തിനൊപ്പം കഴിഞ്ഞ മാര്‍ച്ച് 25-നാണ് റൂമി ഈ പോസ്റ്റ് പങ്കുവെച്ചത്.